തൃശൂരിലെ കരുമാത്രയിലെ പകിട കളി Source: News Malayalam 24x7
KERALA

വെട്ടും തടയും, തന്ത്രവും മന്ത്രവും; പകിട കളിയെ ഹൃദയത്തിലേറ്റിയ ഒരു നാടിന്റെ കഥ

കരുമാത്രയിലെ പകിടക്കളങ്ങളിലെത്തിയാൽ ഇത്രത്തോളം വീറും വാശിയും മറ്റൊന്നിനുമില്ലെന്ന് തോന്നിപ്പോകും

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ഓണക്കാലമെത്തിയാൽ മധ്യകേരളത്തിന്റെ പ്രധാന അവേശങ്ങളിലൊന്നാണ് പകിടകളി. മുൻപ് നമ്മുടെ നാട്ടിൻപുറങ്ങളിൽ പകിട കളി സജീവമായിരുന്നെങ്കിലും ഇപ്പോഴത് കാണാനേയില്ലെന്ന് പരിഭവം പറയുന്നവരാണ് പലരും. എന്നാൽ തൃശൂരിലെ കരുമാത്രയിലെത്തിയാൽ അക്കാര്യം പലരും മാറ്റിപ്പറയും. പകിടകളിയെ ഹൃദയത്തിലേറ്റിയവരാണ് കരുമാത്രക്കാർ.

വെട്ടും തടയും തന്ത്രവും മന്ത്രവും കൂടി നിൽക്കുന്ന ആൾക്കൂട്ടത്തിന്റെ ആവേശവും ആർപ്പുവിളിയും അതാണ് പകിട കളി. കരുമാത്രയിലെ പകിടക്കളങ്ങളിലെത്തിയാൽ ഇത്രത്തോളം വീറും വാശിയും മറ്റൊന്നിനുമില്ലെന്ന് തോന്നിപ്പോകും.

കളം വരയ്ക്കുന്നതും കരു നീക്കുന്നതും ആദ്യം ആരെന്ന് ഉറപ്പിക്കാൻ ടോസിട്ട് തുടങ്ങും. പകിട കറക്കി തുടങ്ങിയാൽ കളി കഴിയും വരെ കളത്തിൽ തന്നെ എല്ലാവരും തുടരും. ചിലപ്പോൾ ഈ കളി ദിവസങ്ങളോളും നീളും. ഇതിനിടയിൽ കളിക്കാരും കാഴ്ചക്കാരും മാറും.

നാല് ദിശകളിലായി വരച്ച 94 കളങ്ങൾ , കരുക്കളോരൊന്നും നീക്കുന്നതിനും എതിരാളികളെ തടയുന്നതിനും ചില്ലറ പ്രയാസമല്ല ഓരോ ടീമിനുമുള്ളത്. ദിക്കും ദിശയും നോക്കി പകിട കറക്കണം. മറുവശത്തെ കരുനീക്കം മുൻകൂട്ടി കാണണം. മന്ത്രക്കാരുടെയും തന്ത്രക്കാരുടെയും സഹായത്തോടെ വെട്ടിയും തടഞ്ഞും ലക്ഷ്യത്തിലെത്തണം.

ഓണക്കാലത്ത് മധ്യകേരളത്തിന്റെ പ്രധാന ആവേശങ്ങളിലൊന്നായ പകിട കളിക്ക് തൃശൂരിലും പാലക്കാട്ടും മലപ്പുറത്തുമാണ് ഏറെ ആരാധകരുള്ളത്. കരുമാത്രക്കാർക്കാണെങ്കിലോ പ്രായഭേദമന്യേ വല്ലാത്തൊരു വികാരമാണ് ഈ നാടൻ വിനോദം.

ഗ്രാമീണ നന്മകളുടെ കൂടി ചേരലുകൾക്കും കൂട്ടായ്മകൾക്കും വേദിയൊരുക്കുന്ന പകിടകളി ഇന്നത്തെ തലമുറക്കാർക്ക് ഒരു പക്ഷെ കൗതുകമായിരിക്കാം. എന്നാൽ തങ്ങളുടെ പൂർവികർ ആഘോഷമാക്കിയിരുന്ന ഈ നാടൻ മത്സരം അതിലും ആവേശത്തോടെയാണ് കരുമാത്രയിലെ ചെറുപ്പക്കാർ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്.

SCROLL FOR NEXT