കേരളത്തിൽ ഓരോ 450 പേർക്കും ഒരു ഡോക്ടർ എന്ന നിലയിലേക്ക് ഡോക്ടർമാരുടെ അനുപാതം ഉയർന്നതായി കണക്കുകൾ. ദി ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലോകാരോഗ്യ സംഘടനയുടെ (WHO) മാനദണ്ഡമായ 1,000 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിന്റെ ഇരട്ടിയിലധികമാണിത്. സംസ്ഥാനത്ത് ഡോക്ടർമാരുടെ എണ്ണം അതിവേഗം വർധിക്കുമ്പോഴും യുവ ഡോക്ടർമാർക്ക് ആവശ്യമായ തൊഴിലവസരങ്ങൾ ലഭിക്കുന്നില്ലെന്നതും രോഗികൾക്ക് താങ്ങാനാവുന്ന ചെലവിൽ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നതും ആശങ്ക ഉയർത്തുന്നു.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ കണക്കുകൾ പ്രകാരം 1999 മുതൽ രജിസ്റ്റർ ചെയ്ത 95,993 ഡോക്ടർമാരിൽ 34,141 പേരും (35.6%) 2021 മുതൽ 2026 ഒക്ടോബർ എട്ട് വരെയുള്ള കാലയളവിലാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ രജിസ്റ്റർ ചെയ്ത ഡോക്ടർമാരുടെ എണ്ണം 1,13,023 ആയി. 2021ൽ 5,981 ആയിരുന്ന വാർഷിക രജിസ്ട്രേഷൻ 2023ൽ 5,283 ആയി കുറഞ്ഞെങ്കിലും 2024ൽ 7,065 ആയും 2025ൽ 7,383 ആയും ഉയർന്നു.
എന്നാൽ, രജിസ്റ്റർ ചെയ്ത ഡോക്ടർമാരിൽ ഏകദേശം 80,000 പേർ മാത്രമാണ് കേരളത്തിൽ ജോലി ചെയ്യുന്നതെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കേന്ദ്ര പ്രവർത്തക സമിതി അംഗവും വിവരാവകാശ പ്രവർത്തകനുമായ ഡോ. ബാബു കെ.വിയുടെ വിലയിരുത്തലെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 450 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതം കണക്കാക്കിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് യഥാർഥത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണത്തിന് ഔദ്യോഗിക കണക്കുകളില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്വകാര്യ മെഡിക്കൽ കോളേജുകളുടെ വ്യാപനമാണ് ഡോക്ടർമാരുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ പ്രവണത തുടർന്നാൽ ഡോക്ടർമാർക്കിടയിലെ തൊഴിലില്ലായ്മ വലിയ പ്രതിസന്ധിയായി മാറുമെന്ന് ഡോ. ബാബു മുന്നറിയിപ്പ് നൽകുന്നു. തമിഴ്നാട്ടിൽ സംഭവിച്ചതുപോലെ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ കേരളത്തിലും ഉണ്ടായേക്കാം. പുതിയ മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് സർക്കാർ വിഷയത്തിൽ വിശദമായ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മെഡിക്കൽ ബിരുദധാരികളുടെ എണ്ണം വർധിക്കുന്നത് ഡോക്ടർമാരുടെ വേതനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ജനറൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ. ആഷിഖ് ബഷീർ പറയുന്നു. ഡോക്ടർമാരുടെ എണ്ണം വർധിച്ചിട്ടും അതിനനുസരിച്ചുള്ള തൊഴിൽസാധ്യതകളും മെച്ചപ്പെട്ട വേതനവും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആരോഗ്യരംഗത്ത് ഡോക്ടർമാരുടെ ലഭ്യത വർധിക്കുന്നത് നേട്ടമാണെങ്കിലും അത് തൊഴിൽസുരക്ഷയിലേക്കും സാധാരണക്കാർക്ക് താങ്ങാനാകുന്ന ചികിത്സയിലേക്കും മാറുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.