Source: News Malayalam 24x7
KERALA

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയിൽ; രണ്ട് പേർ സംസ്ഥാനം വിട്ടതായി സൂചന

വൊക്കൻ എന്ന വിളിപ്പേരുള്ള പ്രശോഭിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരു പ്രതികൂടി പിടിയിൽ. വൊക്കൻ എന്ന വിളിപ്പേരുള്ള പ്രശോഭിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റാന്നിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ ഇനി രണ്ടുപേരെ കൂടിയാണ് പിടികൂടാനുള്ളത്. സംഭവത്തിൽ അന്വേഷണം പൊലീസ് ഊർജിതമാക്കി. കേസിൽ കഴിഞ്ഞ ദിവസം നിരണം സ്വദേശി വരുണിനെയും പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ആലുവയിൽ നിന്നായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഗുണ്ടാ നേതാവ് മരണ സുബിൻ്റെ അടുത്ത സുഹൃത്താണ് വരുൺ.

കേസിൽ മുഖ്യസൂത്രധാരൻ സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇനി പിടികൂടാനുള്ള രണ്ടുപേർ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നതായാണ് സൂചന. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്.

ഫെബ്രുവരി ഒന്നിന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ സ്പായിൽ എത്തുകയായിരുന്നു. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ സ്ഥാപന ഉടമയുടെ നിർണായക മൊഴി പുറത്തുവന്നിരുന്നു. നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും, മറ്റൊരു സ്ഥാപനത്തിൻ്റെ ക്വട്ടേഷൻ ആണെന്നുമായിരുന്നു സ്ഥാപന ഉടമ പറഞ്ഞത്. ഞങ്ങളുടെ സ്പായിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം പിരിച്ചിട്ടില്ലെന്നും സ്പാ ഉടമ പറഞ്ഞു. സ്പാകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നതായുള്ള ആരോപണത്തിൽ സേനയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്പാ ഉടമയുടെ വെളിപ്പെടുത്തൽ.

സ്പായിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായതിൽ പ്രതികരിച്ച് അതിജീവിതയും പ്രതികരിച്ചിരുന്നു. കഴുത്തിൽ കത്തി വെച്ച് ബലാത്സംഗം ചെയ്തതെന്നും ക്രൂരപീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതി ന്യൂസ് മലയാളത്തോട് പറഞ്ഞു. ബലാത്സംഗം ചെയ്യുന്നതിൻ്റെ വീഡിയോ മരണ സുബിൻ ഫോണിൽ ചിത്രീകരിച്ചു. സ്പായിലെ സഹപ്രവർത്തകയും പീഡനത്തിന് ഒത്താശ ചെയ്തു എന്നും അതിജീവിത വെളിപ്പെടുത്തി.

SCROLL FOR NEXT