കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. പ്രതികളായ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിന്റെയും, ബിന്ദുവിൻ്റേയും മകള്‍ ദീപയെ ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
പ്രദീപ് കുമാറിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രദീപ് കുമാറിൻ്റെയും ഭാര്യ ബിന്ദുവിന്റെയും നിരന്തര ഭീഷണിയെത്തുടർന്നാണ് കോട്ടുവള്ളി സ്വദേശി ആശ ജീവനൊടുക്കിയത്. ഇവർ ഒളിവിലാണ്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
എറണാകുളം പറവൂർ കോട്ടുവള്ളി പുളിക്കത്തറ വീട്ടിൽ ബെന്നിയുടെ ഭാര്യ ആശയുടെ മൃതശരീരം കഴിഞ്ഞ ദിവസമാണ് കോട്ടുവള്ളി പുഴയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് വിശദീകരിച്ച് ആശ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. കച്ചവടം മെച്ചപ്പെടുത്താൻ അയൽവാസിയായ ബിന്ദുവിൽ നിന്ന് 10 ലക്ഷം രൂപ പലതവണയായി ആശ കൈപ്പറ്റിയിരുന്നു. വട്ടിപ്പലിശയ്ക്കാണ് പണം കടം വാങ്ങിയത്.
10 ലക്ഷത്തിന് പകരം 30 ലക്ഷത്തോളം രൂപ പലപ്പോഴായി ആശ തിരികെ നൽകിയിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. വീണ്ടും പലിശയിനത്തിൽ പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ആശയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.