KERALA

ലിൻ്റോ ജോസഫ് എംഎൽഎയ്‌ക്കെതിരായ ബോഡി ഷെയ്മിങ്: ഒരാൾ കസ്റ്റഡിയിൽ

പുത്തൂർ മഠം സ്വദേശിയായ അസ്ലം മുഹമ്മദിനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്

Author : ലിൻ്റു ഗീത

കോഴിക്കോട്: ലിൻ്റോ ജോസഫ് എംഎൽഎയെ സമൂഹമാധ്യമത്തിൽ അവഹേളിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പുത്തൂർ മഠം സ്വദേശിയായ അസ്ലം മുഹമ്മദിനെയാണ് തിരുവമ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 'വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും ഇലക്ഷനിൽ' എന്നായിരുന്നു ലിൻ്റോയ്‌ക്കെതിരായ പരാമർശം.

അതേസമയം, നടന്നത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യമായ പ്രവൃർത്തിയാണെന്നും ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സി.കെ. കാസിം പ്രതികരിച്ചിരുന്നു. അവഹേളന കമൻ്റ് എഴുതിയ ആൾ മുസ്ലീം ലീഗുമായി ബന്ധമുള്ള ആളെന്ന് കണ്ടെത്തിയാൽ പാർട്ടിയിൽ നിന്ന് പുറത്താക്കി, നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ പാർട്ടി മുൻകയ്യെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എംഎൽഎക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ സിപിഐഎം നേതാക്കളും പ്രതിഷേധം അറിയിച്ചിരുന്നു. അവഹേളന കമൻ്റ് എഴുതിയ ആൾ മുസ്ലീം ലീഗുമായി ബന്ധമുള്ള ആളെന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം. വേട്ടമൃഗത്തിന്റെ വൈരാഗ്യത്തോടെ എതിരാളികളെ നോക്കി കാണുന്ന, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ച് പ്രവര്‍ത്തിക്കുമെന്ന മനോഭാവമുള്ള ഒരു കൂട്ടത്തിന്റെ വക്താവെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകനെക്കുറിച്ച് കെ.കെ. ശൈലജ കുറിച്ചത്.

രാഷ്ട്രീയ വിയോജിപ്പുകൾ ആകാം, പക്ഷേ മനുഷ്യത്വം മരവിച്ചുപോകരുതെന്നായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ലിന്റോ ജോസഫിന്റെ നടപ്പിലെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിൽ അത് അപമാനമല്ല, അപരസ്നേഹത്തിന്റെ ഉദാത്തമായ അടയാളമാണെന്നും സഹജീവി സ്നേഹം എന്താണെന്ന് അറിയാത്തവർക്ക് മാത്രമേ ഇത്തരത്തിൽ ക്രൂരമായി പരിഹസിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT