പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ വഴി വെർച്വൽ ക്യൂ ബുക്കിങ് നാളെ ആരംഭിക്കും. ഒരുദിവസം 70,000 പേർക്കാണ് വെർച്വൽ ബുക്കിങ്ങിനുള്ള സൗകര്യമുള്ളത്. 20,000 പേർക്ക് സ്പോട്ട് ബുക്കിങ് സംവിധാനവും ലഭ്യമാകും. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും.
മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബർ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് വീണ്ടും തുറക്കും. 2026 ജനുവരി 14ന് ആണ് ഇത്തവണത്തെ മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20ന് നട അടയ്ക്കും.