Source: News Malayalam 24x7
KERALA

വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രം; സത്യപ്രതിജ്ഞയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ

വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവൻ്റെ നിർദേശം...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ കടുത്ത നിയന്ത്രണങ്ങളോടെ. സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവൻ്റെ നിർദേശം. ലോക്ഭവൻ്റെ നിയന്ത്രണത്തെ തുടർന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾക്ക് സദസിലായിരിക്കും ഇരിപ്പിടമുണ്ടാകുക. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ടിവികെയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി അടക്കം വേദിയിലുണ്ടായിരുന്നു. പശ്ചിമ ബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്മാരുമെല്ലാം പങ്കെടുത്തിരുന്നു.

രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് തൊട്ടരികിലെ സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി അടക്കം ഹൈക്കമാൻഡ് നേതൃത്വവും ചടങ്ങിനെത്തും. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറുന്നത് അവിസ്മരണീയ ആഘോഷമാക്കാൻ കോൺഗ്രസ് നേതൃത്വവും സഖ്യകക്ഷികളും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. സത്യപ്രതിജ്ഞക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ 25,000 പേർക്ക് ഇരുന്ന് ചടങ്ങ് കാണാനുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ലക്ഷത്തിലേറെ പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാൻ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എൽഇഡി സ്ക്രീനുകളും സ്ഥാപിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വിവിധ കക്ഷി നേതാക്കൾ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

SCROLL FOR NEXT