'ടീം വി.ഡി.എസ്' ഇന്ന് അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ രാവിലെ 10ന്

രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് തൊട്ടരികിലെ സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്...
'ടീം വി.ഡി.എസ്' ഇന്ന് അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ രാവിലെ 10ന്
Source: FB
Published on
Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ പത്ത് മണിക്ക് സെക്രട്ടേറിയറ്റിന് തൊട്ടരികിലെ സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി അടക്കം ഹൈക്കമാൻഡ് നേതൃത്വവും ചടങ്ങിനെത്തും. ഒരു ലക്ഷത്തോളം പേർ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്.

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭ അധികാരത്തിലേറുന്നത് അവിസ്മരണീയ ആഘോഷമാക്കാൻ കോൺഗ്രസ് നേതൃത്വവും സഖ്യകക്ഷികളും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. സത്യപ്രതിജ്ഞക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ 25,000 പേർക്ക് ഇരുന്ന് ചടങ്ങ് കാണാനുള്ള ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ലക്ഷത്തിലേറെ പേർ ചടങ്ങ് കാണാനെത്തുമെന്നാണ് പ്രതീക്ഷ. സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാൻ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എൽഇഡി സ്ക്രീനുകളും സ്ഥാപിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വിവിധ കക്ഷി നേതാക്കൾ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

ഇന്നലെ വൈകിട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ലോക്ഭവനിൽ എത്തി ഗവർണർക്ക് മന്ത്രിമാരുടെ പട്ടിക കൈമാറി. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് പുറമെ കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാരുണ്ട്. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, ടി. സിദ്ദീഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി. വി.ഡി. മന്ത്രിസഭയിൽ ബഹുഭൂരിപക്ഷം പേരും കെസി പക്ഷക്കാരാണ്.

'ടീം വി.ഡി.എസ്' ഇന്ന് അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ രാവിലെ 10ന്
ഞാൻ ഹാപ്പിയാണോ എന്നുള്ളത് പ്രശ്‌നമല്ല, മെച്ചപ്പെട്ട ഭരണം ഉണ്ടാകണം: രമേശ് ചെന്നിത്തല

മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ. വി.ഇ. അബ്ദുൾ ഗഫൂർ രണ്ടര വർഷത്തിന് ശേഷം പദവി ഒഴിഞ്ഞ് പാറക്കൽ അബ്ദുള്ളയ്ക്ക് അവസരം നൽകിയേക്കും. കോൺഗ്രസ് മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ടോ എന്ന് പിന്നീട് പറയാം എന്നും വി.ഡി. സതീശൻ പറഞ്ഞു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മോൻസ് ജോസഫ്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ നിന്ന് അനൂപ് ജേക്കബ്, ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോൺ, സിഎംപിയിൽ നിന്ന് സി.പി. ജോൺ എന്നിവരും മന്ത്രിമാരാകും. തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും നിശ്ചയിച്ചു. ആറ് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു യുഡിഎഫ് മന്ത്രിസഭ മുഖ്യമന്ത്രിയോടൊപ്പം ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ചീഫ്‌ വിപ്പ്‌ സ്ഥാനം കേരളാ കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ നൽകും. 21 അംഗ മന്ത്രിസഭയിൽ 14 പേരും പുതുമുഖങ്ങളെന്നതും ശ്രദ്ധേയമാണ്.

സത്യപ്രതിജ്ഞാ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവര്‍ണറും മാത്രമേ പാടുള്ളൂ എന്ന് ലോക്ഭവന്‍ നിർദേശിച്ചതായാണ് വിവരം. രാഹുല്‍ ഗാന്ധിയും മൂന്ന് മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് പ്രോട്ടോക്കോൾ ഓഫീസർ ലോക്ഭവനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ടിവികെയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി അടക്കം വേദിയിലുണ്ടായിരുന്നു. പശ്ചിമ ബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്മാരുമെല്ലാം പങ്കെടുത്തിരുന്നു. കേരളത്തില്‍ മാത്രം നിയന്ത്രണം ഉണ്ടാകുമോ എന്ന് കണ്ടറിയണം.

News Malayalam 24x7
newsmalayalam.com