തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അധ്യാപക-അനധ്യാപക സർവീസ് സംബന്ധമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഹൈസ്കൂളുകളുടെ ചുമതലയുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലുമാണ് പരിശോധന. ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്ന പേരിലാണ് പരിശോധന.
ഫയലുകളിൽ നടപടി എടുക്കുന്നതിനായി ചില ഉദ്യോഗസ്ഥർ ഉദ്യോഗാർഥികളിൽ നിന്നും കൈക്കൂലിയായി പണം കൈപ്പറ്റാറുണ്ടെന്ന് വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും തന്നെ വിരമിച്ച ചില ഉദ്യാഗസ്ഥരെ സർവീസ് കൺസൾട്ടന്റുകൾ എന്ന രീതിയിൽ സമീപിക്കാൻ ഉദ്യോഗാർഥികളെ നിർബന്ധിക്കുകയും ഈ ഉദ്യോഗസ്ഥർ ഇടനിലക്കാരായി നിന്ന് വലിയ തുക അധ്യാപകരിൽ നിന്നും കൈക്കൂലിയായി വാങ്ങി വീതം വയ്ക്കുന്നതുമായാണ് വിജിലൻസിന് ലഭിച്ച വിവരം.
തുടർന്നാണ് സംസ്ഥാനത്തെ 41 ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ഏഴ് റീജയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും ഏഴ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും രാവിലെ മുതൽ മിന്നൽ പരിശോധന ആരംഭിച്ചത്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.