തിരുവനന്തപുരം: വർക്കലയിൽ പെണ്‍കുട്ടിക്ക് ട്രെയിനിലുണ്ടായ അതിക്രമത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്ത് അയച്ചതായി മന്ത്രി വി. ശിവൻകുട്ടി. അടൂർ പ്രകാശ് എംപിയും ശശി തരൂർ എംപിയും വിഷയത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ല. നിർധന കുടുംബത്തിലെ അംഗമായ പെണ്‍കുട്ടിക്ക് ചികിത്സാ സഹായം നൽകാൻ റെയിൽവേ തയ്യാറാകണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
നവംബർ രണ്ടിനാണ് മദ്യപിച്ചെത്തിയ പ്രതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ടത്. കേരള എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെൻ്റിലാണ് സംഭവം നടന്നത്. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
പ്രതിയെ കൊച്ചുവേളിയിൽ വച്ച് റെയിൽവേ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം പനച്ചിമൂട് സ്വദേശിയായ സുരേഷാണ് പൊലീസ് പിടിയിലായത്. ഗുരുതര പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വഴി മാറി കൊടുക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. കൂടിയുണ്ടായിരുന്ന സഹയാത്രികയെയും ചവിട്ടിയിടാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. പെൺകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.