KERALA

ആഞ്ഞടിച്ചിട്ട് കാര്യമില്ലേ? ഓപ്പറേഷൻ തൂഫാനിൽ വില്ലനായി നിയമത്തിലെ പഴുതുകൾ

ഓപ്പറേഷൻ തൂഫാൻ ദുർബലമായ നിയമങ്ങളാൽ ലക്ഷ്യം കാണാതെ പോകുമെന്ന ആശങ്കയിലാണ് നിയമപാലകർ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ലഹരിക്കെതിരായ നിയമനടപടികൾ സർക്കാർ കടുപ്പിക്കുമ്പോഴും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കി നിയമത്തിലെ പഴുതുകൾ. ഒരു തരി മുതൽ ഒരു കണ്ടെയ്നർ വരെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയാലും വെറും 200 രൂപ പിഴയൊടുക്കിയാൽ പ്രതികൾക്ക് നിയമ നടപടികൾ ഒഴിവാക്കാം. ലഹരി മാഫിയയുടെ അടിവേര് അറുക്കാൻ തുടങ്ങിയ ഓപ്പറേഷൻ തൂഫാൻ ദുർബലമായ നിയമങ്ങളാൽ ലക്ഷ്യം കാണാതെ പോകുമെന്ന ആശങ്കയിലാണ് നിയമപാലകർ.

തിരുവനന്തപുരം നെല്ലിമൂട് ചൂണ്ട വിളാകം സ്കൂളിന് സമീപത്തു നിന്നും ജൂലൈ മൂന്നാം തീയതി 1000 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് തിരുപുറം എക്സൈസ് പിടികൂടിയത്. 52 ചാക്കുകളിലായാണ് ലഹരി വസ്തുക്കൾ സൂക്ഷിച്ചിരുന്നതും. സ്കൂൾ കുട്ടികൾക്ക് അടക്കം വിതരണം ചെയ്യുന്നതിനായാണ് പ്രദേശത്ത് ഇത്രയധികം ലഹരി വസ്തുക്കൾ ശേഖരിച്ചുവച്ചിരുന്നത്. ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ എക്സൈസ് സംഘം നെല്ലിമൂട് സ്വദേശി പ്രസാദിനെ അറസ്റ്റ് ചെയ്തു. ഒരു മണിക്കൂറിനകം നിയമനടപടികൾ പൂർത്തിയാക്കി പ്രതി പുറത്തിറങ്ങി. പിഴയിനത്തിൽ ആകെ ഒടുക്കേണ്ടി വന്നത് തുച്ഛമായ രൂപ മാത്രം.

ഇന്ത്യയിലെ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും പരസ്യങ്ങൾ തടയാനുമായി 2003 പാർലമെൻറ് പാസാക്കിയ നിയമമാണ് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്റ്റ്സ് ആക്ട്. സിഒടിപിഎ ആക്ടിലെ സെക്ഷൻ 6 പ്രകാരം 18 വയസ്സിൽ താഴെയുള്ളവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ പരിധിയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതും ശിക്ഷാർഹമാണ്.

എന്നാൽ പിടികൂടുന്ന ലഹരി വസ്തുക്കളുടെ അളവ് എത്ര ഉയർന്നതായാലും പ്രതി 200 രൂപ പിഴയൊടുക്കിയാൽ മാത്രം മതി. അതിനായി സ്റ്റേഷനിൽ പോകണമെന്നില്ല. എവിടെ നിന്നാണോ പിടികൂടുന്നത് അപ്പോൾ തന്നെ ഓൺലൈനായി പിഴയൊടുക്കാം. ലഹരി വസ്തുക്കൾ പിടികൂടുന്നത് പൊലീസാണെങ്കിൽ പലപ്പോഴും ജുവനയിൽ ജസ്റ്റിസ് ആക്ട് കൂടി ചേർത്തുകൊണ്ടാണ് പ്രതികൾക്ക് കൂടുതൽ ശക്തമായ ശിക്ഷ വാങ്ങി നൽകാറുള്ളത്. എന്നാൽ എക്സൈസ് വകുപ്പിന് അത്തരം നിയമങ്ങൾ ചുമത്താൻ ഉള്ള അനുവാദമില്ല.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ മാത്രം രജിസ്റ്റർ ചെയ്തത് 7826 സിഒടിപിഎ കേസുകളാണ്. സംസ്ഥാന പൊലീസ് ഓപ്പറേഷൻ്റെ ഭാഗമായി നടത്തിയ പരിശോധനകളിലും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ തുച്ഛമായ പിഴത്തുക ഒടുക്കി വീണ്ടും ലഹരി വില്പന നടത്തുന്നു എന്നതാണ് വിരോധാഭാസം.

SCROLL FOR NEXT