പ്രതിപക്ഷ നേതാവ് പിണറായി വിജയൻ Source: FB
KERALA

തീരുമാനം ദുരൂഹം, വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്നത് മദ്യകമ്പനികളുടെ താൽപ്പര്യം: പ്രതിപക്ഷ നേതാവ്

മദ്യത്തിൻ്റെ വില കുറയ്ക്കലാണോ സർക്കാരിൻ്റെ മുൻഗണന എന്നും പിണറായി വിജയൻ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിന്നിൽ മദ്യ കമ്പനികളുടെ കച്ചവട താൽപ്പര്യമാണ്. ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കലാകാലങ്ങളായി മദ്യത്തിന് നികുതി ഉയർത്തുന്നത്. ആദ്യമായാണ് മദ്യത്തിന്റെ നികുതി പകുതിയിലധികം കുറയ്ക്കുന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. വില കുറഞ്ഞ മദ്യം സുലഭമാകുമ്പോൾ ഉപയോഗം വർധിക്കും. യുവതലമുറിയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. മദ്യത്തിൻ്റെ വില കുറയ്ക്കലാണോ സർക്കാരിൻ്റെ മുൻഗണന എന്നും പിണറായി വിജയൻ ചോദിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന

സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പ്പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഒരു വന്‍ പ്രഖ്യാപനമായിരുന്നു മദ്യത്തിന്മേലുള്ള നികുതിയിളവ്. സ്പിരിറ്റില്‍ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാല്‍, വീര്യം കുറഞ്ഞത് എന്ന പേരില്‍, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് പകുതിയിലധികം ഇളവ് നല്‍കി 120 ശതമാനമായി നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ധനകാര്യമന്ത്രി മുന്നോട്ടുവയ്ക്കുകയാണ്.

ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് കാലാകാലങ്ങളില്‍ മദ്യത്തിന് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിവരുന്നത്. എന്നാല്‍, മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ മദ്യത്തിന്‍റെ ഉപയോഗം കുത്തനെ വര്‍ദ്ധിക്കും. വീര്യം കുറഞ്ഞതാണ് നല്‍കുന്നത് എന്ന ന്യായമുയര്‍ത്തിയാലും മദ്യത്തിന്‍റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. നമ്മുടെ സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് പോകുന്നത്.

ജനങ്ങളുടെ വിവിധങ്ങളായ ജീവല്‍പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളോ, നികുതിയിളവുകളോ കൈക്കൊള്ളാത്തവര്‍ മദ്യത്തിന് മാത്രം നികുതിയിളവ് നല്‍കിയത് എന്തിനാണ്? മദ്യത്തിന്‍റെ വില കുറയ്ക്കലാണോ ഈ സര്‍ക്കാരിന്‍റെ മുന്‍ഗണന? അത് സമൂഹത്തിന് ഭവിഷ്യത്തല്ലാതെ എന്ത് മെച്ചമാണ് ഉണ്ടാക്കുക?

മുന്‍ വര്‍ഷങ്ങളില്‍ അബ്കാരി നയത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മത-സാമുദായിക സംഘടനകളും മുസ്ലിം ലീഗും എല്ലാം മദ്യ ഉപയോഗം വര്‍ദ്ധിക്കുമെന്ന ആശങ്ക പലപ്പോഴായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മദ്യവിരുദ്ധ സംഘടനകളും ഈ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ നികുതി പകുതിയോളം കുറച്ചു. മദ്യ ഉപയോഗം വ്യാപകമാക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. നമ്മുടെ ഭാവി തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

SCROLL FOR NEXT