വി.ഡി. സതീശൻ 
KERALA

"കാതലായ ചോദ്യങ്ങൾക്ക് മറുപടിയില്ല, മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പ്"; സിപിഐയെ മുഖ്യമന്ത്രി പറ്റിച്ചെന്ന് വി.ഡി. സതീശൻ

കരാർ ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും വി.ഡി. സതീശൻ ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെ കുറിച്ചുള്ള കാതലായ ചോദ്യങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രിയും സർക്കാരും ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയിൽ നിന്ന് പിന്മാറുമോ ഇല്ലയോ എന്ന് വ്യക്തമായി പറയാൻ ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടത്. ഒപ്പിട്ടതിന് ശേഷം എന്ത് പരിശോധനയ്ക്കാണ് ഉപസമിതിയെന്നും വി.ഡി. സതീശൻ ചോദിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ കാലാവധി പോലും പറയാതെ മുഖ്യമന്ത്രി സിപിഐയെ പറ്റിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടികൂട്ട് പരിപാടിയാണ്. അത് വെറും തട്ടിപ്പാണ് എന്ന് സിപിഐ എങ്കിലും മനസിലാക്കണം. ഇടതുമുന്നണിയിൽ സിപിഐ യേക്കാൾ സ്വാധീനം ബിജെപിക്കാണ് എന്ന് സംശയമില്ലാതെ തെളിഞ്ഞു. പിഎം ശ്രീയിൽ തുടക്കം മുതൽ സർക്കാർ എടുത്ത നിലപാടുകളെല്ലാം ദുരൂഹമാണ്. തിടുക്കപ്പെട്ട് കരാർ ഒപ്പിട്ടത് എന്തിനായിരുന്നു എന്ന് മുഖ്യമന്ത്രി പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ആരാണ് ബ്ലാക്ക്മെയിൽ ചെയ്തതെന്നും എന്ത് സമ്മർദമാണ് മുഖ്യമന്ത്രിയുടെ മുകളിൽ ഉണ്ടായതെന്നും വ്യക്തമാക്കണം. സംസ്ഥാന താത്പര്യങ്ങൾ ബലികഴിച്ച് കരാർ ഒപ്പിട്ട ശേഷം പിടിക്കപ്പെട്ടപ്പോൾ മറുപടിയില്ലാതെ നിൽക്കുകയാണ് മുഖ്യമന്ത്രി. ഇത് എന്തൊരു ഭരണമാണ് എന്ന് പ്രതിപക്ഷം കാലങ്ങളായി ചോദിക്കുന്ന ചോദ്യമാണ്. സഹികെട്ടാണ് അതേ ചോദ്യം സിപിഐ ചോദിച്ചത്. അതിന് പരിഹരിച്ച് ചിരിക്കുന്നതല്ല മറുപടിയെന്നും വി.ഡി. സതീശൻ വിമർശിച്ചു.

SCROLL FOR NEXT