തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് രൂക്ഷവിമർശനം. വി.ഡി. സതീശന് ധാർഷ്ട്യമാണെന്നാണ് എംഎൽഎമാരുടെ വിമർശനം. എംഎൽഎമാരായ സി.ആർ. മഹേഷും മാത്യു കുഴൽനാടനുമാണ് വി.ഡി. സതീശനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നേരാവണ്ണം ചേരുന്നില്ലെന്നും എംഎൽഎമാർ ചൂണ്ടിക്കാട്ടി. വിമർശനം ഉയർന്നതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉടൻ യോഗം പിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്.
കോൺഗ്രസിൻ്റെ പാർലമെൻ്ററി പാർട്ടി യോഗം സമയത്ത് ചേരുന്നില്ലെന്നാണ് എംഎൽഎമാരുടെ പ്രധാന വിമർശനം. അഞ്ച് വർഷത്തിനിടെ നാല് തവണ മാത്രമാണ് കോൺഗ്രസ് യോഗം ചേർന്നത്. യോഗം ചേരുന്ന വിഷയം പറയുമ്പോൾ, വി.ഡി. സതീശൻ്റെ മറുപടി അഹങ്കാരം നിറഞ്ഞാതണെന്നും എംഎൽഎമാർ വിമർശിച്ചു. കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷും മൂവാറ്റുപ്പുഴ എംഎൽഎ മാത്യു കുഴൽനാടനുമാണ് പ്രധാനമായും വിമർശനമുന്നയിച്ചത്.
എന്നാൽ വാർത്ത പൂർണമായും തള്ളുകയാണ് വി.ഡി. സതീശൻ. വാർത്ത തെറ്റാണെന്നും, ആര് ആവശ്യപ്പെട്ടാലും യോഗം ചേരാൻ തയ്യാറാണെന്നും വി.ഡി. സതീശൻ പറഞ്ഞു. അന്ന് രാഹുൽ ഗാന്ധിക്കെതിരായ കൊലവിളിയിൽ മാർച്ച് ഉള്ളതിനാലാണ് യോഗം പിരിച്ചുവിട്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു.