തിരുവനന്തപുരം: ജിഎസ്‌ടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് 200 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. പൂനെ ജിഎസ്ടി ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയത്. അത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടും ആകെ ചെയ്തത് രജിസ്ട്രേഷൻ റദ്ദാക്കുക മാത്രമാണെന്നും മറ്റൊരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
വലിയൊരു തട്ടിപ്പിൻ്റെ ഒരറ്റം മാത്രമാണ് പൂനെ ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിനെ അതറിയിച്ചിട്ടും ഒരു നടപടിയിലേക്കും സർക്കാർ പോകാത്തത് എന്തുകൊണ്ടാണെന്നും അതിനു സർക്കാർ മറുപടി പറയണമെന്നും വി.ഡി. സതീശൻ പറഞ്ഞു. ചതിക്കപ്പെട്ടവരെ പോലും ഇക്കാര്യം സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ലെന്നു മാത്രമല്ല അവർക്ക് നിയമ സംരക്ഷണം നൽകാനും സർക്കാർ തയ്യാറായില്ല. 200 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടും അത് തിരിച്ചുപിടിക്കാനുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. ഇത്രയും വിവരം ലഭിച്ചിട്ടും ജിഎസ്ടി രജിസ്ട്രേഷനിലെയും ഡേറ്റ വെരിഫിക്കേഷനിലെയും കുറവുകൾ പരിഹരിക്കാനുള്ള ഒരു നടപടിയും എന്തുകൊണ്ട് സർക്കാർ സ്വീകരിച്ചില്ലെന്നും വി.ഡി. സതീശൻ ചോദിച്ചു.
ചതിക്കപ്പെട്ടവർക്ക് ആവശ്യമായ നിയമസഹായം നൽകണമെന്നും തെറ്റ് കണ്ടിട്ടും നടപടിയെടുക്കാത്ത ജിഎസ്ടി വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്കെതിരായി നടപടി വേണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വ്യാപകമായി കേരളത്തിൽ ഇത്തരം നികുതി വെട്ടിപ്പുകൾ നടക്കുന്നുണ്ട്. കേരളത്തിലെ ടാക്സ് അഡ്മിനിസ്ട്രേഷൻ പരിതാപകരമായ അവസ്ഥയിലാണ്. ജിഎസ്ടി വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ട് എന്നുള്ള ആരോപണം കൂടി ഉന്നയിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.