KERALA

"കാന്‍സര്‍ രോഗികളെ പോലും തലങ്ങും വിലങ്ങും മാറ്റുന്നു", കൂട്ട സ്ഥലംമാറ്റത്തില്‍ അടിയന്തര പ്രമേയം; അനുമതി നിഷേധിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

ഏതെങ്കിലും ജീവനക്കാരന് പരാതിയുണ്ടെങ്കില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടസ്ഥലംമാറ്റത്തില്‍ സഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ജീവനക്കാരുടെ സ്ഥലംമാറ്റമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് വി. ജോയ് പറഞ്ഞു. കാന്‍സര്‍ രോഗികളെ പോലും തലങ്ങും വിലങ്ങും സ്ഥലം മാറ്റിയെന്നും വി. ജോയ് പറഞ്ഞു. എന്നാല്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നിഷേധിച്ചു. ഇതോടെ സര്‍ക്കാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഭരണം സുഗമമാക്കുന്ന നടപടി മാത്രമാണ് ചെയ്തതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഏതെങ്കിലും ജീവനക്കാരന് പരാതിയുണ്ടെങ്കില്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അത്യാവശ്യ പരിഗണന വേണ്ടവരെയാണ് സ്ഥലം മാറ്റിയതെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. എന്നാല്‍ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ട സമയത്ത് സ്ഥലം മാറ്റം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വി ജോയ് പറഞ്ഞു. 310 വനിതകളെ സ്ഥലംമാറ്റി, ദൂര സ്ഥലങ്ങളിലേക്കും മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുമാണ് പലരുടെയും സ്ഥലം മാറ്റം. 2017 മുതല്‍ ഓണ്‍ലൈനായി നടന്നുകൊണ്ടിരുന്ന സ്ഥലംമാറ്റമാണ് അട്ടിമറിച്ചത്. കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് സ്ഥലംമാറ്റം. തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെ എന്‍ജിഒ അസോസിയേഷന്‍ നേതാക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കി. നേതാവിന്റെ കത്തിലാണ് സ്ഥലംമാറ്റം. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മെയ് 18നാണ്. മെയ് മാസം അഞ്ചാം തീയതി വിദ്യാഭ്യാസ വകുപ്പില്‍ സ്ഥലംമാറ്റം നടത്തി. അതായത് വേണ്ടപ്പെട്ട ആളുകളെ മന്ത്രിസഭ വരുന്നതിന് മുന്‍പ് തന്നെ ഓര്‍ഡര്‍ നല്‍കി നിയമിച്ചുവെന്നും വി. ജോയ് പറഞ്ഞു.

കാൻസര്‍ രോഗികളെ പോലും തടങ്ങും വിലങ്ങും സ്ഥലംമാറ്റം നടത്തുകയാണ്. സംഘടനാ നേതാക്കള്‍ കത്ത് നല്‍കിയാല്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും വി. ജോയ് പറഞ്ഞു. എന്നാല്‍ ഇതിന് സണ്ണി ജോസഫ് മറുപടി നല്‍കി. ഒരു തസ്തികയില്‍ മാറ്റം വരുമ്പോള്‍ പതിനാലിടത്ത് മാറ്റം വരുമെന്ന് പറഞ്ഞത് പിണറായി വിജയനാണെന്നും സ്ഥലം മാറ്റം ചൂണ്ടിക്കാട്ടിയപ്പോള്‍ പി.ടി. തോമസിന് സ്ഥല ജല വിഭ്രാന്തിയാണെന്ന് പറഞ്ഞത് പിണറായി ആണെന്നും സണ്ണി ജോസഫ് പറഞ്ഞു.

തലങ്ങും വിലങ്ങുമായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ഥലംമാറ്റം. കഴിഞ്ഞ സര്‍ക്കാരിനെ ഒരു കാരണവശാലും യുഡിഎഫ് മാതൃകയാക്കില്ല. സ്ഥലംമാറ്റത്തിന്റെ പേരില്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത സംഭവം വരെ പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായി. നവീന്‍ ബാബുവിന്റെ ജീവിതം അവസാനിക്കാന്‍ കാരണം എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ കാലങ്ങളില്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്ക് സ്വാഭാവിക നീതി നല്‍കേണ്ടിവരും. വിരുദ്ധമായും മാനദണ്ഡങ്ങള്‍ ലംഘിച്ചും സ്ഥലംമാറ്റം നടത്തിയതായി ശ്രദ്ധയില്‍ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിമാര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ 41 പേര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ സ്ഥലം മാറ്റത്തിന് വ്യവസ്ഥാപിത രീതികള്‍ ഉണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്. പുതിയ സര്‍ക്കാരിന്റെ കാലത്ത് അന്യായമായും ചട്ടവിരുദ്ധമായും സ്ഥലംമാറ്റം നടക്കുന്നു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് സ്ഥലംമാറ്റം. സ്ഥലംമാറ്റം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 2000 ത്തോളം ജീവനക്കാരെ ഈ ചുരുങ്ങിയ കാലയളവില്‍ സ്ഥലം മാറ്റി. കുടുംബശ്രീയില്‍ നോട്ടീസ് പോലും നല്‍കാതെ നടപടിയിലേക്ക് കടക്കുന്നു. ഇത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്.

സ്ഥലംമാറ്റം പൊതുതാത്പര്യ പ്രകാരമല്ലെന്ന് കണ്ടതുകൊണ്ടാണ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തത്. വകുപ്പ് മേധാവിമാരെ ഭീഷണിപ്പെടുത്തി സ്ഥലംമാറ്റ ഉത്തരവിറക്കിയവരുണ്ട്. അത്തരക്കാര്‍ക്ക് എതിരെ നടപടി വേണം. മാനദണ്ഡങ്ങള്‍ മറികടന്ന് നടത്തിയ സ്ഥലം മാറ്റങ്ങള്‍ പുനഃപരിശോധിക്കണമെന്നും സ്ഥാപിത താല്‍പര്യ താല്പര്യക്കാരെ അഴിഞ്ഞാടാന്‍ വിട്ടാല്‍ എങ്ങനെ ജനതാത്പര്യം സംരക്ഷിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഈ രീതി തുടര്‍ന്നാല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിച്ച് ആധിപത്യം സ്ഥാപിക്കും. ഇത് വലിയ രീതിയിലുള്ള അഴിമതിക്ക് വഴിയൊരുക്കും. ഈ രീതി തിരുത്തിയേ മതിയാകൂ എന്നും ഇതിനെ ഭരണ മാറ്റത്തിന്റെ പേരില്‍ ന്യായീകരിക്കരുതെന്നും അനീതിക്കെതിരെ ജീവനക്കാര്‍ പ്രക്ഷോഭ രംഗത്താണെന്നും പിണറായി വിജയന്‍ പറഞ്ഞു. നിയമനം തുടരുമെന്ന പ്രഖ്യാപനമാണ് മന്ത്രി നടത്തിയതെന്നും ഇതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിക്കുകയാണെന്നും പിണറായി വിജയന്‍പറഞ്ഞു.

SCROLL FOR NEXT