KERALA

സ്വര്‍ണപ്പാളി വിവാദം: വി. ശിവന്‍കുട്ടിയുടെ സഭയിലെ പഴയ പ്രതിഷേധ ചിത്രം ഉയര്‍ത്തി പ്രതിപക്ഷം, നടുത്തളത്തിലിറങ്ങി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍; വാക്കേറ്റം

പ്രതിഷേധം കയ്യാങ്കളിയിലേക്ക് കടന്നതോടെ സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ഇന്നും പ്രക്ഷുബ്ധമായി സഭ. പ്രതിപക്ഷം ബാനറുകളുയര്‍ത്തി നടത്തുളത്തിലേക്കിറങ്ങുകയും സ്പീക്കറുടെ മുഖം മറയ്ക്കുകയും ചെയ്തു.

സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ വാച്ചര്‍മാരും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധം കയ്യാങ്കളിയിലേക്ക് കടന്നതോടെ സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഇറങ്ങിപ്പോയി.

ചോദ്യോത്തര വേളയില്‍ മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കവെ പ്രതിപക്ഷത്തെ കള്ളന്മാര്‍ എന്ന് വിളിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. ചോര്‍ ഹേ ചോര്‍ ഹേ, യുഡിഎഫ് ചോര്‍ ഹേ എന്ന് മുദ്രാവാക്യം വിളിച്ച് മന്ത്രി വി ശിവന്‍കുട്ടി.

ഇതിനിടെ വി. ശിവന്‍കുട്ടി സംസാരിക്കുന്നതിനിടെ പഴയ നിയമസഭയിലെ പ്രതിഷേധ ചിത്രം പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ഇതോടെയാണ് ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലേക്കിറങ്ങി. കെ.കെ. രമയും കെ. രാജനും തമ്മിലും വാക്കേറ്റമുണ്ടായി.

റോജി എം. ജോണിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതോടെ അസാധാരണ നിമിഷങ്ങളാണ് സഭയില്‍ നടന്നത്. സജി ചെറിയാന്‍, കെ. രാജന്‍ കെ. എന്‍ ബാലഗോപാല്‍ തുടങ്ങിയവരും നടത്തുളത്തിലിറങ്ങി പ്രതിഷേധിച്ചു.

അതേസമയം മുഖം മറച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തെ സ്പീക്കര്‍ വിമര്‍ശിച്ചു. ഇന്നലെ ഗാലറിയില്‍ മുഴുവന്‍ കുട്ടികളായിരുന്നു. അവര്‍ കണ്ടുപഠിക്കേണ്ടത് ഇതാണോയെന്നും ഇതാണോ പ്രതിപക്ഷത്തിന്റെ ജനാധിപത്യമെന്നും ഷംസീര്‍ സ്പീക്കര്‍ ചോദിച്ചു. സഭ നിര്‍ത്തിവെച്ച ശേഷവും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. പിന്നാലെ ചോദ്യോത്തര വേള റദ്ദാക്കുകയാണെന്നും സഭ നിര്‍ത്തിവെക്കുകയാണെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

SCROLL FOR NEXT