ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. അന്വേഷണത്തിലും കുറ്റപത്രം സമർപ്പിക്കലിലും ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കടകംപള്ളി സുരേന്ദ്രനെതിരായ പരാമർശത്തിൽ കോടതിയിൽ മലക്കം മറിഞ്ഞെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. ഫോട്ടോ വിവാദത്തിൽ പിണറായി വിജയൻ - ഉണ്ണികൃഷ്ണൻ പോറ്റി ചിത്രവും അന്വേഷിക്കട്ടേയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
അന്വേഷണം നടത്തുന്നതിലും കുറ്റപത്രം നൽകുന്നതിലും എസ്ഐടിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വി.ഡി. സതീശൻ്റെ ആരോപണം. സ്വാഭാവിക ജാമ്യമാണ് മുരാരി ബാബുവിന് ലഭിച്ചത്. അന്വേഷണ റഡാറിൽ ഉള്ളവർക്കും ഈ ജാമ്യം ലഭിക്കൽ അനുകൂലമാകുമെന്നും വി. ഡി. സതീശൻ പറഞ്ഞു.
എസ്ഐടിക്ക് മേൽ സംസ്ഥാന സർക്കാരിൻ്റെ സമ്മർദം ശക്തമെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. അന്വേഷണത്തിൽ വീഴ്ചയുണ്ടായി. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാനായില്ല. പത്മകുമാറിനു ശേഷം ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. തുടർ നടപടികൾ സർക്കാർ വിലക്കുന്നു. ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും എസ്ഐടിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുന്നില്ല. സമ്മർദം ചെലുത്തി അന്വേഷണം മരവിപ്പിക്കാനാണ് ശ്രമമെന്നും വേണുഗോപാൽ പറഞ്ഞു.
അടൂർ പ്രകാശിൻ്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ഫോട്ടോ വന്നത് സംബന്ധിച്ച ചോദ്യത്തിന് പിണറായിയുടെ ഫോട്ടോ പലരുടെയും കൂടെ വന്നിട്ടുണ്ടല്ലോ എന്ന് വേണുഗോപാൽ തിരിച്ചടിച്ചു. കോൺഗ്രസല്ലല്ലോ, പിണറായിയുടെ പൊലീസല്ലേ അന്വേഷിക്കുന്നത്. അന്വേഷിക്കുമ്പോൾ പിണറായിയുടെ ഫോട്ടോയെക്കുറിച്ച് അന്വേഷിക്കണമെന്നും വേണുഗോപാൽ പറഞ്ഞു
അയ്യപ്പൻ്റെ സ്വർണം കട്ടവരെ അയ്യപ്പനും കേരളത്തിലെ ജനങ്ങളും വിശ്വാസികളും വെറുതെ വിടില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ആര് ന്യായീകരിക്കാൻ ശ്രമിച്ചാലും ദൈവം ഇതെല്ലാം കാണുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.