കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല Source: Facebook
KERALA

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം: "മരണത്തിൻ്റെ പൂർണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്ക്"; വീണ ജോർജ് രാജി വെയ്ക്കണമെന്ന് പ്രതിപക്ഷം

ഇന്ന് രാവിലെ കൂടി ഉപയോഗിച്ച കെട്ടിടമായിരുന്നിട്ടും, അവിടെ ആരുമില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം.

Author : ന്യൂസ് ഡെസ്ക്

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സംസ്ഥാന സർക്കാരിനും ആരോഗ്യവകുപ്പിനും നേരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മരണത്തിൻ്റെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രി ഏറ്റെടുക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പ്രതികരണം. മന്ത്രിമാർ വലിയ തെറ്റിധരിപ്പിക്കൽ നടത്തിയെന്നും മറിച്ചായിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാമായിരുന്നെന്നും എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. ആരോഗ്യമന്ത്രി പരിപൂർണ പരാജയമാണെന്ന് അഭിപ്രായപ്പെട്ട കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, വീണ ജോർജ് രാജിവെച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു.

കെട്ടിടത്തിനുള്ളിൽ ആരുമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞതിന്റെ പേരിലാണ് രക്ഷാപ്രവർത്തനം നടക്കാഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഇന്ന് രാവിലെ കൂടി ഉപയോഗിച്ച കെട്ടിടമായിരുന്നിട്ടും, അവിടെ ആരുമില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം.

ഇത്ര ദയനീയമായ അവസ്ഥയിൽ ആരോഗ്യ രംഗത്തെയെത്തിച്ചതിൻ്റെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രി വീണ ജോർജിനാണെന്നും വി.ഡി. സതീശൻ വിമർശിച്ചു. "ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഗുരുതരമായ തെറ്റാണ് ഉണ്ടായത്. ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാനാണ് സാമാന്യബുദ്ധി ഉള്ളവർ പറയുക. മന്ത്രിയുടെ ഒറ്റ പ്രഖ്യാപനം കൊണ്ടാണ് ഒരു ജീവൻ നഷ്ടമായത്. കിട്ടിയ തെറ്റായ വിവരം വച്ചുകൊണ്ട് രക്ഷാപ്രവർത്തനത്തെ ഇല്ലാതാക്കി. ഉത്തരവാദിത്വത്തിൽ നിന്ന് ആരോഗ്യ മന്ത്രിക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല," വി.ഡി. സതീശൻ പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിലെ സംഭവം നിർഭാഗ്യകരമാണെന്നും അപര്യാപ്തതകൾ ചൂണ്ടിക്കാണിക്കുമ്പോൾ പരിഹരിക്കണമെന്നും എഐഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിമർശിച്ചു. രക്ഷപ്രവർത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണം. എന്തുകൊണ്ട് രക്ഷപ്രവർത്തനം വൈകി എന്ന് അന്വേഷിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജിലെ കെട്ടിടം വീണത് പോലെ ഈ സർക്കാരും വീഴാൻ പോവുകയാണെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഭർത്താവ് പരാതി കൊടുത്തപ്പോഴാണ് ഉള്ളിൽ ഒരു സ്ത്രീ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയുന്നത്. അതിനു മുൻപേ കണ്ടെത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണത്. അപകടത്തിൽ മകൾക്ക് കൂട്ടിരിക്കാൻ എത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ജീവൻ നഷ്ടമായി. അതേസമയം പൊളിഞ്ഞുവീണ പതിനാലാം വാർഡ് കെട്ടിടം ഉപയോഗശൂന്യമെന്നും കെട്ടിടത്തിനടിയിൽ ആരും കുടുങ്ങിയിട്ടില്ലെന്നുമായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിന്റെയും മന്ത്രി വി. എൻ. വാസവന്റെയും ആദ്യ പ്രതികരണം.

അപകടത്തിൽ രണ്ട് പേർക്ക് മാത്രമേ പരിക്കേറ്റിട്ടുള്ളൂ എന്നും, മറ്റാരും കെട്ടിടത്തിനടിയിലില്ലെന്നും മന്ത്രിമാരുൾപ്പെടെ ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെയാണ് യുവതിയുടെ മരണവാർത്ത പുറത്തുവരുന്നത്. മകളുടെ ചികിത്സാർഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായതെന്നാണ് സൂചന.

രക്ഷാപ്രവർത്തനം ഒന്നര മണിക്കൂർ വൈകിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത് ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

SCROLL FOR NEXT