കോട്ടയം: ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയതില്‍ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നടപടിയാണ് സര്‍ക്കാരിന്റേത് എന്നും തീരുമാനം പുതുതലമുറയെ നശിപ്പിക്കുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.
മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയമാണ് സര്‍ക്കാരിന്റേത്. തീരുമാനം പുതുതലമുറയെ നശിപ്പിക്കും. പുതുതലമുറ ബാറില്‍ തന്നെ കിടന്നുറങ്ങണം എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും ബിജു ഉമ്മന്‍ ചോദിച്ചു.
കേരളത്തിന്റെ സംസ്‌കാരത്തിന് ചേരുന്ന നടപടിയല്ലിത്. സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ആയിരത്തോളം വരുന്ന ബാര്‍ മുതലാളിമാര്‍ക്കുവേണ്ടി സ്വീകരിച്ച നടപടിയാണിതെന്നും ബിജു ഉമ്മന്‍ വിമര്‍ശിച്ചു. അമ്മമാരുടെ കണ്ണുനീരിന് മുകളിലാണോ ബാര്‍ മുതലാളിമാര്‍? തലമുറയെയും, സംസ്‌കാരത്തെയും വിറ്റിട്ട് വേണോ ഖജനാവ് വീര്‍പ്പിക്കാന്‍ എന്നും ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി ചോദിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിച്ച നടപടി സംശയാസ്പദമാണ്. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. സഭ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാന്‍ തീരുമാനിച്ചത്. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചത്. നേരത്തെ 11 മണി മുതല്‍ രാത്രി 11 മണി വരെയായിരുന്നു ബാറുകളുടെ പ്രവര്‍ത്തന സമയം.
വിദേശ മദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. എംഐസിഇ ടൂറിസം ഉള്ള ബാറുകള്‍ക്ക് പുലര്‍ച്ചെ മൂന്നു വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതിനായി അധികം ഫീസ് നല്‍കേണ്ടിവരും. വാര്‍ഷിക ലൈസന്‍സ് ഫീസ് അഞ്ച് ലക്ഷമാണ് അധികമായി നല്‍കേണ്ടത്.