KERALA

3500 കോടിയിലധികം രൂപ കുടിശ്ശിക; സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ കരാറുകാര്‍ സമരത്തിലേക്ക്

എല്ലാവരും ടെന്‍ഡറുകള്‍ ബഹിഷ്‌കരിക്കുകയാണെന്നും ആരും ഏറ്റെടുക്കുന്നില്ലെന്നും ഓള്‍ കേരള കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: സര്‍ക്കാര്‍ നിര്‍മാണ മേഖലയിലെ കരാറുകാര്‍ സമരത്തിലേക്ക്. ഒന്നര വര്‍ഷത്തിനിടെ 3500 കോടി രൂപ കുടിശ്ശികയെന്ന് കരാറുകാരുടെ സംഘടന. കിഫ്ബി പദ്ധതികള്‍ ഏറ്റെടുത്ത ഊരാളുങ്കലിന് കൃത്യമായി പണം കിട്ടുന്നുവെന്നും, ചെറുകിട കരാറുകാരുടെ പണം നല്‍കുന്നില്ലെന്നും പരാതി. ടാറും മെറ്റലും ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയും പ്രതിസന്ധി . ജനുവരി മുതല്‍ കരാര്‍ ഏറ്റെടുക്കേണ്ടെന്നാണ് തീരുമാനം.

എല്ലാവരും ടെന്‍ഡറുകള്‍ ബഹിഷ്‌കരിക്കുകയാണെന്നും ആരും ഏറ്റെടുക്കുന്നില്ലെന്നും ഓള്‍ കേരള കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.

'കേരളത്തില്‍ അങ്ങോളമിങ്ങളോമുള്ള കരാറുകാര്‍ക്ക് 3500 കോടി രൂപയില്‍ കൂടുതല്‍ തുക നല്‍കാനുണ്ട്. ഇത് ഏകദേശം ഒന്നര വര്‍ഷത്തിനിടയില്‍ വന്ന തുകയാണ്. പല തവണ സര്‍ക്കാരിനോട് ഇത് ആവശ്യപ്പെട്ടതാണ്, പക്ഷെ ലഭിച്ചിട്ടില്ല,' അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു.

പണം ലഭിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ കരാറുകാര്‍. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും കരാറുകള്‍ എടുക്കുന്നതില്‍ നിന്ന് കരാറുകാര്‍ പിന്‍വാങ്ങുന്ന സാഹചര്യമാണുള്ളത്.

അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിക്കുന്ന സാഹചര്യമുണ്ട്. മെറ്റലിനും ടാറിനും ഇരട്ടിയിലധികം തുകയാണ് നല്‍കുന്നതെന്നും ഈ സാഹചര്യത്തില്‍ പണം ലഭിക്കാത്തത് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നതെന്നും ഇതിനാല്‍ തന്നെ സമരത്തിലേക്ക് കടക്കുകയാണെന്നുമാണ് സംഘടനകള്‍ അറിയിക്കുന്നത്. ജനുവരി മാസം മുതല്‍ സമരത്തിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ കരാറുകാര്‍ തീരുമാനിച്ചിരിക്കുന്നത്.

SCROLL FOR NEXT