

കൊച്ചി: യുവനടി അതുല്യ ചന്ദ്ര ഉൾപ്പെടെ നിരവധി പേർ ചേർന്ന് ഡോക്ടറെ മർദിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിനും മർദ്ദനത്തിനും കാരണമായത്. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടു.
ആറു കോടി രൂപയാണ് നടി ആവശ്യപ്പെട്ടത്. അത്രയും വലിയ തുക നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകി. തുടർന്ന് സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഡോക്ടറെ ഭീഷണിപ്പെടുത്തി. പിന്നീട് ഡോക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു.
നടന്നത് ഹണി ട്രാപ്പാണോ എന്നതിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. സംഭവത്തിൽ പൊലീസ് അതുല്യയുടെ ബന്ധുവിൻ്റെ മൊഴിയെടുക്കും. നടൻ ബിബിൻ പെരുമ്പള്ളിയാണ് കേസിൽ ഒന്നാം പ്രതി. കേസിൽ ആകെ 12 പ്രതികളാണ് ഉള്ളത്. നടി അതുല്യ ചന്ദ്ര ഉൾപ്പെടെ രണ്ട് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ 41 വയസുള്ള ഡോക്ടർക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ എസ്സെൻ സ്‌പ്രിംഗ് ഡേൽ അപ്പാർട്ട്‌മെൻ്റിലായിരുന്നു സംഭവം. പ്രമുഖ യുവനടൻ തൻ്റെ നിർമാണക്കമ്പനിയിലെ ജീവനക്കാർക്ക് താമസിക്കാൻ എടുത്ത അപ്പാർട്ട്‌മെൻ്റാണിത്. അടുത്ത ബന്ധുവിന് അസുഖം മൂർച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടർ അപ്പാർട്ട്‌മെ്ൻ്റിൽ എത്തിയത്.
എന്നാൽ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പ്രതികൾ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. അതുല്യയുടെ ബന്ധുവുമായുള്ള ബന്ധമാണ് പ്രശ്നത്തിന് കാരണം. തുടർന്ന് അതുല്യ സുഹൃത്തുക്കളുമായി ചേർന്ന് ഡോക്ടറെ കുടുക്കാൻ പദ്ധതിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.