KERALA

അരൂർ അപകടത്തിൽ റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദേശം; ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടും

ഇന്ന് പുലർച്ചയ്ക്കാണ് അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണമേഖലയിൽ ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണ മേഖലയിൽ ഗർഡർ തകർന്നുവീണ് ഒരാൾ മരിക്കാനിടയായ അപകടത്തിൽ ഇടപെട്ട് പൊതുമരാമത്ത് മന്ത്രി. അപകടത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പിഡബ്ല്യുഡി സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി. ദേശീയപാത അതോറിറ്റിയോട് പിഡബ്ല്യുഡി സെക്രട്ടറി വിശദീകരണം തേടുമെന്നും അറിയിച്ചിട്ടുണ്ട്.

അപകടം അങ്ങേയറ്റം വേദന ഉണ്ടാക്കുന്നതാണെന്നും, ഇത്തരം ഒരു അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയില്ലായിരുന്നു ഞങ്ങളെന്നുംഎഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ ഇത്തരത്തിലുള്ള ഒരു അപകടം മുൻപ് നടന്നിട്ടുണ്ട്. നാൽപ്പത്തിലധികം പേരാണ് ഇത്തരം അപകടങ്ങളിൽ മരണപ്പെട്ടത്. പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണ്. കേന്ദ്രസർക്കാരിന് നാല് തവണ കത്ത് നൽകിയിട്ടുണ്ടെന്നും വേണുഗോപാൽ അറിയിച്ചു.

സർവീസ് റോഡുകളുടെ കാര്യത്തിൽ എട്ടു കോടിയോളം രൂപ കിട്ടിയിട്ടും സർക്കാർ പെൻഡിങ്ങിൽ വച്ചിരിക്കുകയാണ്. സർവീസ് റോഡ് മെച്ചപ്പെടുത്തിയാൽ തന്നെ ഗതാഗതം നിയന്ത്രിക്കാം. അത് മെച്ചപ്പെടുത്തുക എന്നതാണ് ഇപ്പോഴുള്ള പരിഹാരം. ഇപ്പോൾ കൊലയ്ക്ക് നേതൃത്വം കൊടുക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. മേൽപാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ലക്ഷ്യം മാത്രമാണ് ഇവർക്ക്. സുരക്ഷ വേണ്ടെ അപ്പോൾ?, സുരക്ഷ ഉണ്ടാക്കിയാൽ മാത്രമല്ലേ ആളുകളുടെ ദുരിതം കുറയുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തുറവൂരിൽ ഇരുചക്ര വാഹനങ്ങൾക്ക് അടക്കം നിയന്ത്രണമുണ്ട്. വാഹനങ്ങൾ തീരദേശ റോഡ്, അരൂക്കുറ്റി വഴി തിരിച്ചു വിടുന്നു. ചേർത്തലയിൽ നിന്നുള്ള വാഹനങ്ങൾ പൂച്ചാക്കൽ റോഡ് വഴി തിരിച്ചു വിടുന്നു. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഉള്ള കെഎസ്ആർടിസി ബസുകൾ കോട്ടയം വഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്.

ഇന്ന് പുലർച്ചയ്ക്കാണ് അരൂർ-തുറവൂർ ഫ്ലൈ ഓവർ നിർമാണമേഖലയിൽ ഗർഡർ തകർന്നുവീണ് ഡ്രൈവർ മരിച്ചത്. പിക്കപ്പ് വാനിൻ്റെ ഡ്രൈവർ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പിക്കപ്പ് വാനിൻ്റെ മുകളിലേക്കാണ് ഗർഡർ പതിച്ചത്.

SCROLL FOR NEXT