കോട്ടയം: ബിജെപി നിയമ സഭ തെരഞ്ഞെടുപ്പിൽ ഫണ്ട് ചിലവാക്കിയതിൽ ഗുരുതര വെളിപ്പെടുത്തലുമായി പി സി ജോർജ്. പൂഞ്ഞാർ മണ്ഡലത്തിൽ മാത്രം പ്രചരണത്തിനായി നാലരകോടി രൂപ ബിജെപി നേതൃത്വം നൽകിയെന്നും പണം കൈകാര്യം ചെയ്തവർ മുക്കിയെന്നും പിസി ജോർജിന്റെ തുറന്ന് പറച്ചിൽ .പ്രതികരണം വിവാദമായതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായി. തിരുത്താൻ നിർദ്ദേശം നൽകിയതിന് പിന്നാലെ മലക്കം മറിഞ്ഞു പി സി ജോർജ് രംഗത്ത് എത്തി.കോട്ടയം എരുമേലിയിൽ ഇക്കഴിഞ്ഞ ജൂലൈ മാസം നടന്ന യോഗത്തിലായിരുന്നു പിസി ജോർജിന്റെ തുറന്നുപറച്ചിൽ.
പൂഞ്ഞാറിൽ നാലരക്കൊടി രൂപ ബിജെപി നേതൃത്വം നൽകി. നാലു കോടി 45 ലക്ഷം രൂപ ചിലവായെന്ന് തനിക്ക് കണക്കു തന്നു.ബൂത്ത് കമ്മറ്റികൾക്ക് 31,000 രൂപ കൊടുക്കണം എന്നായിരുന്നു തീരുമാനം.പക്ഷേ അതു നടപ്പായില്ല. ബിജെപി മധ്യമേഖല ജനറല്‍ സെക്രട്ടറി സജി കുരിക്കാട് ആണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നും ബിജെപിയുടെ പണംകൊണ്ട് കാർ മേടിച്ചാൽ ഇടിച്ചു പോകുമെന്നും പി.സി. ജോർജ് പറഞ്ഞു. തനിക്ക് ലഭിച്ച കണക്ക് കണ്ടാൽ ബിജെപി പ്രവർത്തകർ നാണിക്കുമെന്നും ഇങ്ങനെയാണോ രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടതെന്നും ചോദ്യം ഉയർത്തി.
സംസ്ഥാനത്താകെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ പണമൊഴുകി എന്ന ആരോപണത്തിന് മുഖം നൽകുന്നതായിരുന്നു പി.സി. ജോർജിന്റെ വെളിപ്പെടുത്തൽ. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായി. ഒരു മണ്ഡലത്തിൽ ആകെ ചെലവാക്കാൻ കഴിയുന്നത് നാല്പതു ലക്ഷമാണ്. അവിടെയാണ് പ്രാദേശികമായി സമാഹരിച്ചത് കൂടാതെ നാലര കോടി രൂപ നേതൃത്വം നൽകിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നത്. പി.സി. ജോർജിനോട് ഉടൻ തിരുത്താൻ സംസ്ഥാന നേതൃത്വo നിർദ്ദേശം നൽകി.
എന്നാൽ വൈകാതെ തന്നെ പി.സി. ജോർജ് മലക്കം മറിഞ്ഞു. പൂഞ്ഞാറിൽ ഇലക്ഷന് ഫണ്ട് എന്താണെന്ന് പോലും തനിക്ക് അറിയില്ല. ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾ നാലരക്കോടി രൂപ വന്നെന്ന് തന്നെ തെറ്റിദ്ധരിപ്പിചതാണെന്നും പ്രസംഗത്തിനുശേഷം പാർട്ടി നേതൃത്വം തന്നെ കണക്ക് കാണിച്ചെന്നും പി.സി. ജോർജ്.സജി അഞ്ചു പൈസ മുക്കുന്ന ആളല്ലെന്നും പറഞ്ഞത് തെറ്റായിപ്പോയെന്നും തിരുത്തൽ . ഏതാണെങ്കിലും പൂഞ്ഞാറിലെ പ്രാദേശിക നേതാക്കളെ ലക്ഷ്യമിട്ട് പി.സി. ജോർജ് പറഞ്ഞത് സംസ്ഥാനത്താകെയുള്ള നേതാക്കൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.തിരുത്തൽ കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.