

എറണാകുളം: കോതമംഗലത്തെ എംഎ എഞ്ചീനിയറിംഗ് കോളേജ് രണ്ടാംവര്‍ഷ ബി.ടെക് വിദ്യാര്‍ഥി മിച്ചി മാര്‍പ്പു ജീവനൊടുക്കിയതിനെ തുടർന്ന് നടന്ന വിദ്യാർഥികളുടെ പ്രതിഷേധം അവസാനിപ്പിച്ചു. ഇയർ ഔട്ടായ വിദ്യാർഥികളെ തിരികെ പ്രവേശിപ്പിക്കണം, സേ പരീക്ഷയുടെ ഫീസ് വെട്ടിക്കുറയ്ക്കണം എന്നതടക്കം വിദ്യാർഥികൾ ഉന്നയിച്ച 5 ആവശ്യങ്ങളും മാനേജ്മെൻറ് അംഗീകരിച്ചതോടെയാണ് സമരം നിർത്തിയത്.
അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പു എന്ന ബി ടെക് രണ്ടാം വർഷ വിദ്യാർഥിയെ വാടക വീട്ടിൽ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉയർന്ന ക്രെഡിറ്റ് സ്കോർ ഇല്ലാത്തതിനാൽ ഇയർ ഔട്ട് ആകും എന്ന് ഭയന്നാണ് വിദ്യാർഥി ജീവനൊടുക്കിയത് എന്നാണ് സഹപാഠികളുടെ ആരോപണം. ഇതിനെതിരെ ഇന്നലെ മുതൽ വിദ്യാർത്ഥികൾ സമരത്തിൽ ആയിരുന്നു. അതിശക്തമായ പ്രതിഷേധമാണ് രാത്രി മുതൽ കോതമംഗലം എം എ കോളേജ് മാനേജ്മെന്റിന് എതിരെ ഉയർന്നത്. ഇന്ന് രാവിലെ വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ നേരിൽ കണ്ട് പരാതി അറിയിക്കുകയും ചെയ്തു.
ക്രെഡിറ്റ് സ്കോർ കണക്കാക്കി ഇയർ ഔട്ട് ആക്കുന്നത് അവസാനിപ്പിക്കണമെന്ന് കോളേജിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാൽ കൃത്യമായ പ്രതികരണത്തിന് മാനേജ്മെൻറ് തയ്യാറായില്ല. ഇതോടെ അവധി ദിവസമായിട്ടും രാവിലെ മുതൽ വിദ്യാർത്ഥികൾ കോളേജിൽ സംഘടിച്ച് എത്തി പ്രതിഷേധം കടുപ്പിച്ചു. നാട്ടുകാരും കുട്ടികൾക്കൊപ്പം കൂടി കോളേജ് കവാടം ഉപരോധിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി.
വിദ്യാർഥി പ്രതിനിധികളുമായി ചർച്ച നടത്തുകയല്ലാതെ മറ്റൊരു വഴിയും മാനേജ്മെൻറ് ഇല്ലാതായി. ഇതോടെ വിദ്യാർഥി ജീവനൊടുക്കിയതിൽ അത് വരെ കോളേജ് അധികൃതർ പറഞ്ഞു കൊണ്ടിരുന്ന എല്ലാ ന്യായവാദങ്ങളും അപ്രസക്തമായി. പ്രിൻസിപ്പലും വിദ്യാർഥി പ്രതിനിധികളും തമ്മിൽ നേരിട്ട് ചർച്ച നടത്തി. ഒരു ഘട്ടത്തിൽ ചർച്ച അവസാനിപ്പിച്ച് മടങ്ങാൻ തീരുമാനിച്ച മാനേജ്മെന്റ് പ്രതിനിധികളെ നാട്ടുകാർ തടഞ്ഞു.