KERALA

''ഭരണപരമായ വീഴ്ച തെളിഞ്ഞതിനാലാണ് അറസ്റ്റ് ചെയ്തത്, ഒരാളെയും സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നയം തുടരും''; പത്മകുമാറിന തള്ളി പി. ജയരാജന്‍

ശബരിമല സ്വര്‍ണകേസിനും രണ്ട് ഭാഗങ്ങള്‍ ഉണ്ടെന്നും പി. ജയരാജൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ പത്മകുമാറിനെ തള്ളി സിപിഐഎം നേതാവ് പി. ജയരാജന്‍. പത്മകുമാറിന്റെ അറസ്റ്റ് ഭരണപരമായ വീഴ്ചയുണ്ടെന്ന് തെളിഞ്ഞതിനാല്‍ ആണെന്നും ആരെയും സംരക്ഷിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പി. ജയരാജന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണകേസിനും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. സ്വര്‍ണം പൂശി നല്‍കാമെന്ന് ഏറ്റ് സ്‌പോണ്‍സറെ പോലെ വന്ന് സ്വര്‍ണം മോഷ്ടിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയും സ്വര്‍ണം പൂശാന്‍ വിട്ടു നല്‍കുമ്പോള്‍ ചട്ടപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വരുത്തിയ ഉദ്യോഗസ്ഥ വിഭാഗവും. സ്വര്‍ണം വിട്ടു നല്‍കുമ്പോഴും ഫയലുകളിലും രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘവും. ഇവരെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പി ജയരാജന്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് തിരുത്തുന്നതില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും, പഴയ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച്ച പറ്റി. ഇത് മോഷണത്തിലേക്ക് നയിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ 'അവധാനത ഇല്ലായ്മ' നീതികരിക്കാന്‍ കഴിയുന്നതല്ല. അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഒരാളെയും സംരക്ഷിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു , ആ നയം തുടരുമെന്നും അ പി. ജയരാജന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണത്തെ ചെമ്പാക്കിയ രേഖകള്‍ തയാറാക്കിയത് ഇതിന് ശേഷമെന്നും വിവരം.

2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്. പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയെനും എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ പത്മകുമാറിന്റെ അറസ്റ്റോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സിപിഐഎം. കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി ഇന്ന് എസ്‌ഐടി രേഖപ്പെടുത്തിയേക്കും. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയില്‍ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമര്‍ശങ്ങള്‍ വന്നതോടെയാണ് നീക്കം. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികളുടെയും ദ്വാരപാലക ശില്‍പ്പ പാളികളുടെയും സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പദ്മകുമാറിന്റെ അറസ്റ്റും വസ്തുതയും

ശബരിമല സ്വര്‍ണ്ണക്കേസിനും രണ്ട് ഭാഗങ്ങള്‍ ഉണ്ട്.

സ്വര്‍ണ്ണം പൂശി നല്‍കാമെന്ന് ഏറ്റ് സ്‌പോണ്‍സറെ പോലെ വന്ന് സ്വര്‍ണ്ണം മോഷ്ടിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും.

സ്വര്‍ണ്ണം പൂശാന്‍ വിട്ടു നല്‍കുമ്പോള്‍ ചട്ട പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥ/ഭരണവിഭാഗം.

സ്വര്‍ണ്ണം വിട്ടുനല്‍കുമ്പോഴും, ഫയലുകളില്‍ രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘം.

ഇവരെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പദ്മകുമാറിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്.

ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് 'കറക്റ്റ്' ചെയ്യുന്നതില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും, പഴയ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച്ച പറ്റി.

ഇത് മോഷണത്തിലേക്ക് നയിച്ചു ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ 'അവധാനത ഇല്ലായ്മ' നീതികരിക്കാന്‍ കഴിയുന്നതല്ല.

അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഒരാളെയും സംരക്ഷിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും....

SCROLL FOR NEXT