ആലപ്പുഴ: നാല് പതിറ്റാണ്ടുകളുടെ സ്വപ്നം പൂവണിഞ്ഞ മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടന വേദിയിൽ രാഷ്ട്രീയ വാക്പോരും നാടകീയ രംഗങ്ങളും. കിഫ്ബിയെ വിമർശിച്ച പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന് മുൻ എംപി എ.എം. ആരിഫ് അതേ വേദിയിൽ മറുപടി നൽകി. പ്രസംഗിക്കാൻ വിളിക്കാതെ വിളിച്ച് വരുത്തി അപമാനിച്ചെന്ന് വൈക്കം മുൻ എംഎൽഎ സി.കെ. ആശ പറഞ്ഞു. ബഷീർ കെ.സി.വേണുഗോപാലിൻ്റെ പേര് പറയാതിരുന്നപ്പോൾ സദസിലെ കോൺഗ്രസുകാർ പ്രതികരിച്ചതും ഷാനിമോൾ ഉസ്മാൻ എ.എം. ആരിഫിനെ അഭിനന്ദിച്ചപ്പോൾ കൂക്കി വിളിച്ചതും നാടകീയ രംഗങ്ങൾക്ക് വഴിവച്ചു.
പൊതുമരാമത്ത് വകുപ്പിൽ നിന്ന് 98.09 കോടി രൂപ ചെലവഴിച്ചാണ് മക്കേക്കടവ്-നേരേകടവ് പാലം നിർമിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണം ആരംഭിച്ച പദ്ധതി പൂർത്തിയാക്കിത് ഈ സർക്കാരിന്റെ കാലത്തും. അനന്തമായി നീണ്ടുപോയി അധികച്ചെലവുണ്ടാക്കിയ പദ്ധതിയെന്നും ഇനിയതുണ്ടാകില്ലെന്നും ഉദ്ഘാടകനായ മുഖ്യമന്ത്രി വേദിയിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത് പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ. പാലം പൂർത്തിയാക്കിയത് കിഫ്ബിയുംകൊണ്ടല്ല എന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.
എന്നാൽ പി.കെ. ബഷീറിന് അതേ വേദിയിൽ മുൻ എംപി എ.എം. ആരിഫിന്റെ മറുപടിയും വന്നു. മന്ത്രി രസികൻ ആണെന്നും എന്നാൽ കിഫ്ബിയെ കുറിച്ച് പറഞ്ഞത് വേദനയുണ്ടാക്കി എന്നും ആരിഫ് പറഞ്ഞു. കെ.സി.വേണുഗോപാലിൻ്റെ പേര് പി.കെ.ബഷീർ പരാമർശിക്കാതിരുന്നതിലും സദസിന് നീരസം ഉണ്ടായി. മുഹമ്മദ് റിയാസിന് സമയം കിട്ടാത്തത് കൊണ്ടാണ് ഉദ്ഘാടനം ചെയ്യാൻ കഴിയാതെ പോയതെന്ന ആരിഫിന്റെ പരാമർശത്തിന് പിന്നാലെ സദസിലെ കോൺഗ്രസ് പ്രവർത്തകർ കൂക്കിവിളിച്ചു. മര്യാദ കാണിക്കാൻ ആരിഫിന്റെ മറുപടി.
ഉമ്മൻചാണ്ടിയുടെ സ്വപ്നമെന്ന ഷാനിമോൾ ഉസ്മാന്റെ പരാമർശത്തെയും ആരിഫ് പരോക്ഷമായി വിമർശിച്ചു.. ഇത് ഏതെങ്കിലും ഒരാളുടെ സ്വപ്നമായി മാറ്റേണ്ടെന്ന് ആരിഫ്. നാട മുറിക്കാൻ മന്ത്രിമാർ വേദി വിട്ടതോടെ വേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിളിച്ചു വരുത്തി അപമാനിച്ചതായി മുൻ വൈക്കം എംഎൽഎ സി.കെ. ആശ മൈക്കിലൂടെത്തന്നെ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പണി ആരംഭിച്ചു 90 ശതമാനവും പൂർത്തിയാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് അടിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്നാണ് ഇടതിൻ്റെ ആക്ഷേപം. പാലത്തിന്റെ അപ്രോച്ച് റോഡിൽ കെസി - വിഡി ആശംസാ ഫ്ലെക്സുകൾ നിറഞ്ഞതും ശ്രദ്ധേയമായി.