ആലപ്പുഴ: ഇടതുമുന്നണിക്ക് ആലപ്പുഴയിലെ എല്ലാ സീറ്റുകളും സുരക്ഷിതമാണെന്ന് പി. പ്രസാദ്. മത്സരിക്കാന്‍ ആര്‍ക്കും സാധിക്കുമെന്നും ജി. സുധാകരന് നല്‍കേണ്ട മറുപടി സിപിഐഎം തന്നെ നല്‍കിയിട്ടുണ്ടെന്നും പി. പ്രസാദ് പറഞ്ഞു.
"മത്സരിക്കാന്‍ ആര്‍ക്കും സാധിക്കും. ഇടത് മുന്നണിക്ക് ആലപ്പുഴയിലെ എല്ലാ സീറ്റുകളും സുരക്ഷിതമാണ്. സുധാകരന് നല്‍കേണ്ട മറുപടി അദ്ദേഹം മുന്‍പ് ഉണ്ടായിരുന്ന പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. സുധാകരന്‍ സിപിഐലേക്ക് വരുന്ന സാഹചര്യം ഇല്ല," പി. പ്രസാദ് പറഞ്ഞു.
കേരളത്തില്‍ ആരൊക്കെയാണ് വര്‍ഗവഞ്ചകര്‍ എന്ന് സിപിഐ പരിശോധിച്ചിട്ടില്ല. ഈ കാലത്ത് ചില ആളുകള്‍ക്ക് അധികാരത്തോടുള്ള അമിതമായ ആര്‍ത്തി ഉണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെ ആവാന്‍ പാടില്ല. എല്ലാ കാലത്തും താന്‍ തന്നെ അധികാരത്തില്‍ ഉണ്ടാവണം എന്ന് കരുതുന്നവര്‍ കമ്മ്യൂണിസ്റ്റല്ല. ആ ചിന്ത ഉള്ളവരാണ് കൂടുവിട്ടു കൂടുമാറുന്നതെന്നും പ്രസാദ് പറഞ്ഞു.
ജി. സുധാകരന്‍ പാര്‍ട്ടി വിട്ടത് ഒട്ടും ശരിയായ നടപടിയായില്ല. ഇപ്പോള്‍ എടുത്ത നടപടി തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് ആയുധമായി മാറി. ഇത് രാഷ്ട്രീയ ധാര്‍മികത അല്ല. വിശ്വസിച്ച ആശയങ്ങളെ ചവിട്ടി മെതിച്ചു. ഇത്തരത്തില്‍ സിപിഐഎം വിട്ട് മത്സര രംഗത്തേക്ക് ഇറങ്ങാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.