KERALA

യാത്രാ സൗകര്യം സ്വീകരിക്കുന്നതും ഉപഹാരം; മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി. രാജീവ്

സ്പോൺസറെ രഹസ്യമാക്കി വെച്ചതോടെ യാത്ര ദുരൂഹമായ ഇടപാടായി എന്നും പി. രാജീവ് വിമര്‍ശിച്ചു

Author : ന്യൂസ് ഡെസ്ക്

ചാര്‍ട്ടേഡ് വിമാന യാത്രയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സിപിഐഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു. മന്ത്രിമാര്‍ വിലപിടിപ്പുള്ള ഉപഹാരം ആരില്‍നിന്നും സ്വീകരിക്കരുതെന്നാണ് ചട്ടം. യാത്രാ സൗകര്യം സ്വീകരിക്കുന്നത് ഉപഹാരത്തില്‍ ഉള്‍പ്പെടും. ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതോടെ മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുന്നു. സൗജന്യം നൽകിയവർ കാര്യം നേടാൻ വന്നവരല്ലെന്ന ന്യായീകരണം പ്രതിരോധമാകില്ല. സ്പോൺസറെ രഹസ്യമാക്കി വെച്ചതോടെ യാത്ര ദുരൂഹമായ ഇടപാടായി എന്നും പി. രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ചാർട്ടർ ചെയ്ത വിമാനത്തിൽ സഞ്ചരിച്ചതിനെ പൂർണ്ണമായും ന്യായീകരിക്കുകയും ആരാണ് വിമാനം സ്പോൺസർ ചെയ്തതതെന്ന കാര്യം ആരോടും പറയേണ്ടതില്ലെന്നും ഇനിയും സൗജന്യമായി കിട്ടുന്ന വിമാനത്തിൽ യാത്ര ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാർക്കുള്ള പെരുമാറ്റചട്ടം പൂർണ്ണമായും ലംഘിച്ചിരിക്കുകയാണ്. എന്നു മാത്രമല്ല ഇനിയും പെരുമാറ്റചട്ടം ലംഘിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മന്ത്രിമാർക്കുള്ള പെരുമാറ്റചട്ടം യൂണിയൻ ഗവൺമെന്റാണ് പ്രസിദ്ധപ്പെടുത്തിയത്. സംസ്ഥാന സർക്കാർ അത് അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തിയ ഉത്തരവാണ് ഒന്നാമത്തെ ചിത്രത്തിലുള്ളത്. യൂണിയൻ ഗവൺമെന്റിന്റെ പെരുമാറ്റചട്ടം രണ്ടാമത്തെ ചിത്രത്തിൽ കാണാം. മന്ത്രിമാർ വിലപിടിപ്പുള്ള ഉപഹാരങ്ങൾ ആരിൽ നിന്നും വാങ്ങരുതെന്നും, ഔദ്യോഗികമായി ബന്ധപ്പെടുന്നവരിൽ നിന്നും ഒരു ഉപഹാരവും മന്ത്രിയോ കുടുംബാംഗങ്ങളോ സ്വീകരിക്കരുതെന്നും വ്യക്തമാക്കുന്നു.

യാത്ര ഉപഹാരത്തിൽ ഉൾപ്പെടുമോ എന്നതിൽ വ്യക്തതയില്ലെന്ന ന്യായം ചിലർ പറയുന്നുണ്ട്. എന്നാൽ, പെരുമാറ്റചട്ടം പ്രസിദ്ധപ്പെടുത്തിയ യൂണിയൻ ഗവൺമെന്റ് തന്നെ സെൻട്രൽ സിവിൽ സർവ്വീസ് റൂൾസിൽ ഇതു സംബന്ധിച്ച വിശദീകരണം നൽകുന്നുണ്ട്. യാത്ര സൗകര്യവും ഉപഹാരത്തിൽ ഉൾപ്പെടുമെന്ന വിശദീകരണം മൂന്നാമത്തെ ചിത്രത്തിലെ ആ ഭാഗം വ്യക്തമാക്കുന്നു. എന്നാൽ ലിഫ്റ്റ് സ്വീകരിക്കുന്നത് അതിൽ ഉൾപ്പെടുന്നില്ലെന്ന് വിശദീകരിക്കുന്നു. മുഖ്യമന്ത്രി സൂചിപ്പിച്ച മലയാളി സുഹൃത്ത് അദ്ദേഹത്തിന്റെ വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകുമ്പോൾ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു ലിഫ്റ്റ് കൊടുത്താൽ അത് ചട്ട ലംഘനമാകില്ല.. എന്നാൽ ,സുഹൃത്ത് ഒപ്പം സഞ്ചരിക്കാതെ വിമാനം മുഖ്യമന്ത്രിക്ക് ഉപയോഗിക്കാൻ സൗജന്യമായി നൽകിയാൽ അത് സ്വീകരിക്കാൻ പെരുമാറ്റചട്ടം ആനുവദിക്കുന്നില്ല.

സൗജന്യം നൽകുന്നവരൊന്നും കാര്യം നേടാൻ വരുന്നവരല്ലെന്ന പ്രഖ്യാപനമോ അവർ തങ്ങളുടെ പാർടിക്കാരാണെന്ന ന്യായീകരണമോ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ പ്രതിരോധമാകുന്നില്ല. ആരാണ് സ്പോൺസർ എന്ന കാര്യം രഹസ്യമാക്കുന്നതിലൂടെ കേവലം പെരുമാറ്റചട്ട ലംഘനം എന്നതിനപ്പുറത്തേക്ക് ദുരൂഹമായ ഇടപ്പാടായി മാറുകയും ചെയ്യുന്നു.

SCROLL FOR NEXT