കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ഇനി ചര്‍ച്ചയില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ്. തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ പൂര്‍ത്തിയായി. വിപുലീകൃത സംസ്ഥാന കമ്മറ്റിയില്‍ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യില്ല. കേന്ദ്ര കമ്മിറ്റിക്ക് മുകളിലല്ല വിപുലീകൃത സംസ്ഥാന കമ്മിറ്റി. പാര്‍ട്ടിയുടെ തിരുത്തല്‍ പ്രക്രിയയാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയാവുക. കാലികമായ മാറ്റത്തെക്കുറിച്ചും കമ്മിറ്റി വിപുലമായി ചര്‍ച്ച നടത്തുമെന്നും പി. രാജീവ് പറഞ്ഞു. ന്യൂസ് മലയാളം എന്‍എംക്യൂ-വിലായിരുന്നു രാജീവിന്റെ പ്രതികരണം.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച മാത്രമല്ല കേരളത്തിലെ തോല്‍വിയുടെ കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ച തോല്‍വിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിനും തെറ്റു പറ്റി. ജില്ലാ കമ്മറ്റിക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങള്‍ കാണാന്‍ കഴിഞ്ഞില്ല. സംസ്ഥാന നേതൃത്വത്തിന് ഇത് കൂടുതല്‍ പരിശോധിച്ച് മാറ്റം വരുത്താമായിരുന്നു. അക്കാര്യത്തില്‍ രണ്ട് ഘടകത്തിനും വീഴ്ച വന്നുവെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് രാജീവ് വ്യക്തമാക്കി.
ഇന്ത്യയില്‍ ഇഡിയെ പിന്തുണക്കുന്ന ഏക കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വി.ഡി. സതീശന്‍. ഇഡി വിഷയത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാടല്ല മുഖ്യമന്ത്രിക്കെന്നും രാജീവ് വിമര്‍ശിച്ചു. എന്‍എംക്യൂ ഇന്ന് വൈകിട്ട് ആറരയ്ക്ക് ന്യൂസ് മലയാളം ചാനലില്‍ കാണാം.