KERALA

മന്ത്രിയെ വെട്ടിയാണോ ബിജെപി അധ്യക്ഷനെ ക്ഷണിക്കുന്നത്? കേരളത്തെ അപമാനിക്കുന്ന നടപടിയാണിത്: പി.എ. മുഹമ്മദ് റിയാസ്

ചരിത്രത്തില്‍ ആദ്യമായി ദേശീയ പാതാ വികസനത്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കാന്‍ തയ്യാറായി. 5600 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കിയത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ദേശീയ പാതാ ആദ്യഘട്ട ഉദ്ഘാടനത്തില്‍ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സാധാരണ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ഓഫീസ് അറിയിക്കാറുള്ളതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തവണ വിളിക്കാത്തതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷനെ ക്ഷണിച്ചുവെന്നും സംസ്ഥാനത്തെ വകുപ്പ് മന്ത്രിയെ വെട്ടിയാണോ ബിജെപി അധ്യക്ഷനെ ക്ഷണിക്കുന്നതെന്നും റിയാസ് ചോദിച്ചു.

2014 ല്‍ മരണപ്പെട്ട പദ്ധതി എങ്ങനെയാണ് യാഥാര്‍ഥ്യമായതെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫ് സര്‍ക്കാറിന്റെ കെടുകാര്യസ്ഥത ആയിരുന്നു പദ്ധതി നടക്കാതിരുന്നതിന് കാരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പിന്നീട് വീണ്ടും പദ്ധതിയില്‍ ചര്‍ച്ച നടത്തിയതെന്നും റിയാസ് പറഞ്ഞു.

ഗതാഗത പ്രശ്‌നം അടക്കം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 5600 കോടിയാണ് ചെലവഴിച്ചത്. നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും റിയാസ് പറഞ്ഞു.

'കേന്ദ്രമന്ത്രിയുമായും പ്രധാനമന്ത്രിയുമായും ചര്‍ച്ച ചെയ്തു. എന്നാല്‍ ഇതിന് കൂടുതല്‍ ഫണ്ട് തരേണ്ടതുണ്ട്. കൂടുതല്‍ ഫണ്ട് തരാന്‍ പറ്റില്ലെന്ന് കേന്ദ്രം അറിയിച്ചു. അന്ന് കേരളത്തിന് മുന്നില്‍ രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളു. ഒന്നുകില്‍ ഫണ്ട് കണ്ടെത്തുക, അല്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കുക. ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു കേന്ദ്ര പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ല. എന്നാല്‍ കേരളം ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രത നിറഞ്ഞ സംസ്ഥാനമാണ്. ഗതാഗത കുരുക്ക് ഒരു വലിയ പ്രശ്‌നമാണ്. വാഹന പെരുപ്പവും കൂടുന്ന ഘട്ടത്തില്‍, ഒരു ആശ്വാസ പദ്ധതിയായാണ് എന്‍എച്ച് 66 എന്നതുകൊണ്ട് തന്നെ ചരിത്രത്തില്‍ ആദ്യമായി ദേശീയ പാതാ വികസനത്തിന് ഒരു സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിക്കാന്‍ തയ്യാറായി. മറ്റു പദ്ധതികള്‍ക്ക് വേണ്ടി മാറ്റിവച്ച പണമാണ് ചെലവഴിച്ചത്. 5600 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കിയത്. അത് കിഫ്ബി ഫണ്ടായിരുന്നു. അത് പിന്നെ കടമെടുപ്പ് പരിധിയില്‍ പെടുത്തി. അതുവഴി 12,000 കോടിയാണ് സംസ്ഥാനത്തിന് ആ വകയില്‍ ചെലവ് വന്നത്. പദ്ധതിയുടെ ആദ്യം മുതല്‍ അവസാനം വരെ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പും ഇടപെട്ടിട്ടുണ്ട്,' റിയാസ് പറഞ്ഞു.

നിതിന്‍ ഗഡ്കരി തന്നെ പലതവണ മുഖ്യമന്ത്രിയെ പ്രശംസിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ല. പൊതുമരാമത്ത് മന്ത്രിയെ വെട്ടി വരേണ്ട ആളാണോ ബിജെപി സംസ്ഥാന അധ്യക്ഷന്‍? എന്തിനാണ് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത്? ബിജെപി അധ്യക്ഷനെ വിളിച്ചെങ്കില്‍ കെപിസിസി അധ്യക്ഷനെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയെയും വിളിക്കണ്ടേ എന്നും റിയാസ് ചോദിച്ചു.

ദേശീയ പാതാ വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാറിന് പങ്കില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. കേന്ദ്രം സ്വീകരിച്ചത് കേരളത്തെ അപമാനിക്കുന്ന നിലപാടാണ്. ദേശീയ പാതാ 66 കേരളത്തിന്റെ ആശ്വാസ പദ്ധതിയാണ്. എല്ലാവരും സന്തോഷിക്കേണ്ട സമയം ബൈപ്പാസിന്റെ സ്ഥിതി എന്തായിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പ്രശ്‌നങ്ങളെല്ലാം എത്ര തവണ ഇടപെട്ടാണ് പരിഹരിച്ചത്. കേന്ദ്ര നടപടി ജനാധിപത്യത്തിന് ഗുണം ചെയ്യില്ല. ദേശീയപാത വികസനത്തിന് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ ജനങ്ങളുടെ മനസ്സില്‍ പോസ്റ്റര്‍ പോലെ പതിഞ്ഞിട്ടുണ്ട്. പ്രശ്‌നം വ്യക്തിപരമല്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT