തിരുവനന്തപുരം : കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവെച്ച മുന്‍ ഇന്ത്യന്‍ അത്ലറ്റും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായ പത്മിനി തോമസ് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തി. ബിജെപി അടഞ്ഞ അധ്യായമാണെന്നും കോണ്‍ഗ്രസിലേക്ക് തിരിച്ചു വരികയാണെന്നും അവര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മ ഉമ്മനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസില്‍ നിന്ന് പോസ്റ്റീവ് മനോഭാവമാണെന്നും കോണ്‍ഗ്രസ് പ്രവേശനത്തിനായി കെപിസിസിക്ക് ഉടന്‍ കത്ത് നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിലേക്ക് ഉണ്ടെങ്കില്‍ കോണ്‍ഗ്രസിലേക്ക് മാത്രമാണെന്നും കോണ്‍ഗ്രസിന് തന്നെ മറക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
ഏത് കാര്യത്തിലും വിമര്‍ശനം ഉണ്ടാകുമല്ലോ എന്നും എല്ലാവര്ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും താന്‍ അതിലേക്ക് നോക്കുന്നില്ലെന്നുമാണ് തന്റെ കോണ്‍ഗ്രസ് പ്രവേശനത്തിലെ വിമര്‍ശനത്തെ കുറിച്ച് പ്രതികരിച്ചത്.
അതിനിടെ, ബിജെപി വിട്ട് മടങ്ങിവരുന്ന പത്മിനി തോമസിന്റെ കഴിവിനെ അംഗീകരിക്കണമെന്ന് മറിയാമ്മ ഉമ്മന്‍ ആവശ്യപ്പെട്ടു.