

തിരുവനന്തപുരം: അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസിന്റെ തിരിച്ചുവരവില്‍ കടുത്ത വിമര്‍ശനവും നിബന്ധനകളുമായി കെപിസിസി ദേശീയ കായിക വേദി. ബിജെപിയില്‍ നിന്ന് ആര് കോണ്‍ഗ്രസിലേക്ക് വന്നാലും സ്വാഗതമെന്ന് ദേശീയ കായിക വേദി പ്രസിഡന്റ് എസ്. നജുമുദ്ദീന്‍. വരുന്നവര്‍ പ്രവര്‍ത്തകയായിട്ട് അല്ലെങ്കില്‍ പ്രവര്‍ത്തകനായിട്ട് മാത്രമേ കടന്നുവരാവൂ. സ്വന്തം വാര്‍ഡുകളിലും ബൂത്തുകളിലും പ്രവര്‍ത്തിച്ച ശേഷം മാത്രമേ പാര്‍ട്ടി അംഗീകാരം നല്കാന് പാടുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
16 മുതല്‍ 18 വര്‍ഷം വരെ ദേശീയ കായിക വേദിയുടെ അധ്യക്ഷയായിട്ടും പത്മിനി തോമസ് സംഘടനയ്ക്കായി ഒന്നും ചെയ്തില്ല. പാര്‍ട്ടി നല്കിയ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഒരു പ്രവര്ത്തകന് പോലും ഗുണമുണ്ടാകാത്ത വിധം സ്വന്തം കാര്യങ്ങള്‍ക്ക് മാത്രമാണ് വിനിയോഗിച്ചതെന്നും നജുമുദ്ദീന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മുന്‍ ഇന്ത്യന്‍ അത്ലറ്റും കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസ് നവംബര്‍ 20നാണ് ബിജെപിയില്‍ നിന്ന് രാജിവെക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ന്യൂനപക്ഷാമോര്ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കവെയാണ് ഈ പ്രഖ്യാപനം. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി 2024 മാര്‍ച്ചിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
ബിജെപിയില്‍ ചേരുമ്പോള്‍ നേതൃത്വം നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും കായിക മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കാതെ തന്നെ അവഗണിച്ചെന്നും ആരോപിച്ചാണ് പത്മിനിയുടെ രാജി. ബിജെപിയിലേക്ക് പോയത് ഒരു എടുത്തുചാട്ടമായിരുന്നെന്നും തെറ്റ് തിരുത്തുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.