പാലക്കാട് നാട്ടുകല്ലിൽ 14 വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സ്കൂളിനെതിരെ പ്രതിഷേധം. ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് സ്കൂളിനെതിരാണ് ആരോപണം. ഒൻപതാം ക്ലാസുകാരി ആശിർ നന്ദ ജീവനൊടുക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ പേരിൽ കുട്ടിയെ ക്ലാസിൽ നിന്ന് മാറ്റി വേറെ ഡിവിഷനിൽ കൊണ്ടുപോയി ഇരുത്തിയെന്നും, ഇതേ തുടർന്നാണ് കുട്ടിക്ക് മാനസിക വിഷമമുണ്ടായത് എന്നുമാണ് ബന്ധുക്കളും മറ്റ് വിദ്യാർഥികളും ആരോപിക്കുന്നത്. സ്കൂളിൻ്റെ ഭാഗത്ത് നിന്നും ഇത്തരം പ്രവണതകൾ നേരത്തെ ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാർക്കില്ലാത്ത കുട്ടികളെ പ്രത്യേകം ക്ലാസുകളിലേക്ക് മാറ്റിയിരുത്തിയിരുന്നുവെന്നും, ഇംഗ്ലീഷ് സംസാരിക്കണമെന്ന് നിർബന്ധം പറയുമായിരുന്നുവെന്നും, ഇത്തരത്തിൽ വിദ്യാർഥികൾക്ക് മനസമാധാനത്തോടെ പഠിക്കാനുള്ള അന്തരീക്ഷം സ്കൂളിൽ ഇല്ലായിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്.
പ്രിൻസിപ്പാൾ അടക്കമുള്ള പ്രധാന അധ്യാപകരെ പുറത്തുകടക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ട് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം തുടരുകയാണ്. ആരോപണ വിധേയരായ അധ്യാപകർക്കെതിരെ നടപടി എടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ, നടപടി രേഖാമൂലം ലഭിച്ചാൽ മാത്രം പ്രതിഷേധം അവസാനിപ്പിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇക്കാര്യത്തിൽ ഒരു തീരുമാനമാകാതെ പിരിഞ്ഞുപോകില്ല എന്നാണ് രക്ഷിതാക്കൾ പറയുന്നത്. സ്ഥലത്ത് പൊലീസെത്തി പ്രതിഷേധം ഒതുക്കി തീർക്കാനുള്ള ശ്രമം തുടരുകയാണ്.
സ്കൂൾ അധികൃതർക്ക് വിദ്യാർഥികളോടുള്ള സമീപത്തിൽ മാറ്റം വരുത്തണമെന്നും രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രക്ഷിതാക്കളും സ്കൂൾ അധികൃതരും വിദ്യാർഥി സംഘടനകളും ഇത് സംബന്ധിച്ച് ചർച്ച നടത്തുന്നതിനായി സംയുക്ത യോഗം ചേരും.