പാലക്കാട്: അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗം കൂറുമാറി എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ് ആയ സംഭവത്തിൽ നിലപാട് മയപ്പെടുത്തി ഡിസിസിസി. 20-ാം വാർഡ് ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം എൻ.കെ. മഞ്ജുവാണ് കൂറുമാറിയത്. മഞ്ജുവിന് അബദ്ധം സംഭവിച്ചതായിരിക്കാം എന്നാണ് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ്റെ പ്രസ്താവന.
യുഡിഎഫിൻ്റെ എൻ.കെ. മഞ്ജു കൂറുമാറി എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റാവുകയായിരുന്നു. പ്രദേശിക കോൺഗ്രസ് നേതൃത്വം മഞ്ജുവുമായി ചർച്ച നടത്തിയെന്ന് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ പറയുന്നു. പണം വാങ്ങിയിട്ടില്ലെന്നും പെട്ടെന്നുണ്ടായ ചിന്തയാണെന്നും മഞ്ജു നേതൃത്വത്തെ അറിയിച്ചതായും എ. തങ്കപ്പൻ പറഞ്ഞു.
എന്നാൽ അഗളി പഞ്ചായത്തിൽ നടന്നത് മാഫിയ സംഘത്തിന്റെ അട്ടിമറിയാണെന്നാണ് യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി ഷിബു സിറിയകാൻ്റെ പ്രസ്താവന. പിന്നിൽ പ്രവർത്തിച്ചത് സിപിഐഎം നേതാവ് സി.പി. ബാബുവെന്നും ഷിബു സിറിയക് ആരോപിച്ചു. റിസോർട്ട് മാഫിയയും , കോൺട്രാക്ടർമാരും അട്ടിമറിയുടെ ഭാഗമായി നിന്നു. പത്തുവർഷമായി നടന്ന അഴിമതിയുടെ വിവരങ്ങൾ പുറത്തുവരരുതെന്ന ലക്ഷ്യമാണ് പിന്നിൽ. കോൺഗ്രസ് എല്ലാം ശക്തിയും ഉപയോഗിച്ച് നേരിടുമെന്നും ഷിബു സിറിയക് പറഞ്ഞു.