പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചെന്ന് പരാതിയിൽ വിശദീകരണവുമായി പാലക്കാട് ഡിഎംഒ. നൗഷിജ മരിച്ചത് ചികിത്സ പിഴവിനെ തുടർന്ന് അല്ലെന്ന് ഡിഎംഒ ടി.വി. റോഷി പറഞ്ഞു. അമ്നിയോട്ടിക് ദ്രാവകം രക്തത്തിൽ കലർന്നതാണ് മരണകാരണമെന്നും ഡിഎംഒ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പ്രാഥമിക വിവരം ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃത്താല മേഴത്തൂർ സ്വദേശി നൗഷിജ ആണ് മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായ നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു. ഈ മാസം 20ന് ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് നൗഷിജയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോൾ യുവതിയുടെ ജീവൻ നഷ്ടമായിരുന്നു.