പാലക്കാട്: എലപ്പുള്ളിയിലെ ഒയാസിസ് മദ്യനിർമാണശാലയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് എത്തിയ സംഘത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. മദ്യ കമ്പനി ആരംഭിക്കുന്ന 25 ഏക്കറോളം ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിയ മണ്ണു മാന്തി യന്ത്രങ്ങൾ ഉൾപ്പെടെയാണ് നാട്ടുകാർ തടഞ്ഞത്. എന്നാൽ കാട് വെട്ടിത്തളിക്കാനായാണ് എത്തിയതെന്ന് ഒയാസിസ് കമ്പനി പ്രതിനിധി പറയുന്നു.
രാവിലെ 7. 55 ഓടുകൂടിയാണ് എലപ്പുള്ളിയിൽ ഒയാസിസ് മദ്യനിർമാണ കമ്പനി മദ്യനിർമാണശാല ആരംഭിക്കുന്ന ഭൂമിയിലേക്ക് മണ്ണു മാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരും സമരസമിതിയും ചേർന്ന് സംഘത്തെ തടയുകയായിരുന്നു. കോടതിയിൽ കേസ് നിലനിൽക്കെ മണ്ണു മാന്തി യന്ത്രങ്ങൾ ഉൾപ്പടെ ഭൂമിയിലേക്ക് കടത്തി വിടില്ലെന്ന് സമര സമിതി നിലപാട് സ്വീകരിച്ചു.
കാടുവെട്ടി തെളിക്കുന്നതിൻ്റെ മറവിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സമര സമിതി വ്യക്തമാക്കി. എന്നാൽ സർവ്വേ ഉൾപ്പെടെ നടത്തുന്നതേ ഉള്ളൂ എന്നും കാട് വെട്ടിത്തളിക്കാനായായി മാത്രമാണ് എത്തിയിരുന്ന കമ്പനി അധികൃതർ പറഞ്ഞു.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങൾ മടങ്ങി പോയി. എന്നാൽ ഇനിയും തിരികെ വരുമെന്ന സാധ്യത മുന്നിൽക്കണ്ട് സമരസമിതി പദ്ധതി പ്രദേശത്ത് പന്തൽക്കെട്ടിൽ സമരം ആരംഭിച്ചിട്ടുണ്ട്. ഒരു ഇടവേളക്ക് ശേഷമാണ് പ്രദേശത്തു വീണ്ടും സമരം ആരംഭിക്കുന്നത്.