രാഹുൽ മാങ്കൂട്ടത്തിൽ Source; Facebook
KERALA

എംഎല്‍‌എയുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ആക്ടീവായി; മണ്ഡലത്തില്‍ സജീവമാകാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

ശനിയാഴ്ച രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ എത്തുമെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: നിയമസഭാ സമ്മേളനത്തിന് എത്തിയതിനു പിന്നാലെ മണ്ഡല കാര്യങ്ങളിൽ സജീവമായി രാഹുൽ മാങ്കൂട്ടത്തിൽ. എംഎൽഎയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ആക്ടീവായി.

വിവിധ ആവശ്യങ്ങൾ അറിയിച്ചു റവന്യു മന്ത്രി കെ. രാജനു നിവേദം കൈമാറിയതിന്റെ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു. ശനിയാഴ്ച മണ്ഡലത്തിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ഉൾപ്പെടെ സജീവമാക്കിയത്.

എന്നാല്‍, മണ്ഡലത്തില്‍ എത്തുന്ന രാഹുലിന് തിരായി പ്രതിഷേധമുണ്ടായാൽ സംരക്ഷണം നൽകാൻ താല്‍പ്പര്യമില്ല എന്ന സൂചനയാണ് പാലക്കാട് ഡിസിസി നൽകുന്നത്. . രാഹുലും കോൺഗ്രസും തമ്മിൽ നിലവിൽ ഒരു ബന്ധവുമില്ലെന്നാണ് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ പറഞ്ഞത്. സംരക്ഷണം നൽകണമെങ്കിൽ അത് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കട്ടെ എന്നാണ് ഡിസിസിയുടെ നിലപാട്.

രാഹുൽ മാങ്കൂട്ടത്തിലിനെ തിരികെ പാലക്കാട് എത്തിക്കാനുള്ള നീക്കം ഷാഫി പറമ്പില്‍ വിഭാഗവും എ ഗ്രൂപ്പിലെ ചിലരും സജീവമാക്കുന്നതിനിടെയാണ് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ നയം വ്യക്തമാക്കുന്നത്. രാഹുലും കോൺഗ്രസും തമ്മിൽ നിലവിൽ യാതൊരു ബന്ധവുമില്ല. എംഎല്‍എ മണ്ഡലത്തിൽ ഇല്ലാത്ത പ്രതിസന്ധി അതിജീവിക്കാൻ പാലക്കാട്ടെ കോൺഗ്രസിന് കഴിയും. സംരക്ഷണം നൽകണമെങ്കിൽ അത് കെപിസിസി പറയട്ടെ. പറയുംപോലെ ചെയ്യാമെന്നും തങ്കപ്പന്‍ അറിയിച്ചു.

അതേസമയം, കെപിസിസി നേതൃത്വത്തിൻ്റെ കടുത്ത സമ്മർദത്തിന് വഴങ്ങി രാഹുല്‍ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ നിന്ന് വിട്ടുനിന്നു. പൊലീസിൻ്റെ കസ്റ്റഡി ഭീകരത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം.ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യുന്ന വേളയിൽ രാഹുലിൻ്റെ സാന്നിധ്യം സഭയിൽ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം നിർബന്ധം പിടിച്ചു. ഈ നിലപാടിനോട് എ ഗ്രൂപ്പും യോജിച്ചു. ഇതോടെയാണ് രാഹുല്‍ പിന്‍മാറിയത്.

SCROLL FOR NEXT