പാലക്കാട്: നിയമസഭാ മണ്ഡലത്തിൽ സജീവമാകാനുള്ള രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ശ്രമത്തിന് വീണ്ടും പ്രതിസന്ധി. രാഹുലിന് എതിരായി പ്രതിഷേധമുണ്ടായാൽ സംരക്ഷണം നൽകാൻ താല്‍പ്പര്യമില്ല എന്ന സൂചനയാണ് പാലക്കാട് ഡിസിസി നൽകുന്നത്. രാഹുലും കോൺഗ്രസും തമ്മിൽ നിലവിൽ ഒരു ബന്ധവുമില്ലെന്ന് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ പറഞ്ഞു.
സംരക്ഷണം നൽകണമെങ്കിൽ അത് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കട്ടെ എന്നാണ് ഡിസിസിയുടെ നിലപാട്. അതേസമയം കെപിസിസി നേതൃത്വത്തിൻ്റെ കടുത്ത സമ്മർദത്തിന് വഴങ്ങി നിയമസഭയിൽ നിന്ന് രാഹുൽ ഇന്ന് വിട്ടുനിന്നു. പൊലീസിൻ്റെ കസ്റ്റഡി ഭീകരത ചർച്ച ചെയ്യുന്ന വേളയിൽ ലൈംഗിക ചൂഷണ കുറ്റാരോപിതൻ്റെ സാന്നിധ്യം സഭയിൽ വേണ്ടന്ന് കോൺഗ്രസ് നേതൃത്വം നിർബന്ധം പിടിച്ചതോടെയാണ് മാങ്കൂട്ടത്തിൽ പിന്‍മാറിയത്.
രാഹുൽ മാങ്കൂട്ടത്തിലിനെ തിരികെ പാലക്കാട് എത്തിക്കാനുള്ള നീക്കം ഷാഫി വിഭാഗവും എ ഗ്രൂപ്പിലെ ചിലരും സജീവമാക്കുന്നതിനിടെയാണ് ഡിസിസി അധ്യക്ഷൻ എ.തങ്കപ്പൻ നയം വ്യക്തമാക്കുന്നത്. മാങ്കൂട്ടത്തിലും കോൺഗ്രസും തമ്മിൽ നിലവിൽ യാതൊരു ബന്ധവുമില്ല. രാഹുല്‍ മണ്ഡലത്തിൽ ഇല്ലാത്ത പ്രതിസന്ധി അതിജീവിക്കാൻ പാലക്കാട്ടെ കോൺഗ്രസിന് കഴിയും. സംരക്ഷണം നൽകണമെങ്കിൽ അത് കെപിസിസി പറയട്ടെ. പറയുംപോലെ ചെയ്യാമെന്നും തങ്കപ്പന്‍ വ്യക്തമാക്കി.
രാഹുല്‍ മാങ്കൂട്ടത്തിൽ സസ്പെൻഷനിൽ ആയതുകൊണ്ട് മണ്ഡലത്തിലേക്ക് വന്നാൽ തന്നെ അറിയിക്കണമെന്നില്ല. കോൺഗ്രസിൻ്റെ ഗൃഹസമ്പർക്ക കാംപയ്നിൽ രാഹുൽ വിഷയം ആരും ചോദിക്കുന്നില്ല എന്നുകൂടി പറഞ്ഞ് ലൈംഗിക ചൂഷണ കുറ്റാരോപിതൻ പാലക്കാടേക്ക് എത്തുന്നതിലെ താല്‍പ്പര്യക്കുറവ് ഡിസിസി അധ്യക്ഷൻ തുറന്നുപറയുന്നു.
രാഹുല്‍ പാലക്കാട് എത്തിയാൽ സിപിഐഎമ്മും ബിജെപിയും അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കും എന്നുറപ്പാണ്. നേതാക്കൾ കൈമലർത്തിയാലും രാഹുലിന് സംരക്ഷണ കവചം തീർക്കുമെന്ന് ഷാഫി പക്ഷത്തെ ചില പ്രാദേശിക നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ഡിസിസി നിലപാടറിയിച്ചത്. രാഹുൽ വരുന്നതിൽ ജില്ലാ നേതൃത്വത്തിന് താല്‍പ്പര്യക്കുറവുണ്ട്, നേതൃത്വം പറയുന്നത് പോലെ ചെയ്യാം എന്ന് പറഞ്ഞ് പന്ത് കെപിസിസിയുടെ കോർട്ടിലേക്കിടുന്നു. സസ്പെൻഷനിലുള്ളയാൾക്ക് സംരക്ഷണം നൽകണമെന്ന് കീഴ്ഘടകത്തോട് ഔദ്യോഗികമായി ആവശ്യപ്പെടാൻ സംസ്ഥാന നേതൃത്വത്തിന് ആവുകയുമില്ല.
അതേസമയം, കെപിസിസി നേതൃത്വത്തിൻ്റെ കടുത്ത സമ്മർദത്തിന് വഴങ്ങി രാഹുല്‍ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിൽ നിന്ന് വിട്ടുനിന്നു. പൊലീസിൻ്റെ കസ്റ്റഡി ഭീകരത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം.ജോൺ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ചർച്ച ചെയ്യുന്ന വേളയിൽ രാഹുലിൻ്റെ സാന്നിധ്യം സഭയിൽ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം നിർബന്ധം പിടിച്ചു. ഈ നിലപാടിനോട് എ ഗ്രൂപ്പും യോജിച്ചു. ഇതോടെയാണ് രാഹുല്‍ പിന്‍മാറിയത്. ഇന്നലെ കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ശ്രമം നടത്തിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ ആ വാതിലും അടഞ്ഞു.
മണ്ഡലത്തില്‍ സജീവമാകാനുള്ള നീക്കത്തിന്റെ ഭാഗമായി എംഎൽഎയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ആക്ടീവാക്കിയിരിക്കുകയാണ് രാഹുല്‍. വിവിധ ആവശ്യങ്ങൾ അറിയിച്ചു റവന്യു മന്ത്രി കെ. രാജനു നിവേദനം കൈമാറിയതിന്റെ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു.
എന്നാൽ, യുവനടിയുടെ മൊഴിയിന്മേൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസെടുക്കേണ്ട എന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിയമോപദേശം. രാഹുല്‍ അയച്ച അശ്ലീല ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളടക്കം അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവതിക്ക് താല്‍പ്പര്യമില്ല. പരാതിക്കാരിക്ക് താല്‍പ്പര്യമില്ലാതെ കേസെടുത്താൽ കോടതിയിൽ തിരിച്ചടി ഉണ്ടാകും എന്ന വിലയിരുത്തലിലാണ് കേസെടുക്കേണ്ട എന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. നടിയെ കേസിലെ സാക്ഷിയാക്കാനാണ് പൊലീസിൻ്റെ നീക്കം.
സഭയിൽ വരരുതെന്ന് കോൺഗ്രസ് നേതൃത്വം കർശന നിലപാടെടുത്തതോടെ തിരുവനന്തപുരത്ത് നിന്ന് മടങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരുകയാണ്.