തൃശൂർ: സമകാലിക വിഷയങ്ങളും, ചരിത്രവും, സാഹിത്യവുമെല്ലാം നിറഞ്ഞു നിന്ന കഥാപ്രസംഗ വേദിയിൽ എല്ലാവരുടെയും കണ്ണ് നനയിച്ചത് ഒരു അച്ഛനും മകനുമാണ്. സൈനിക ഉദ്യോഗസ്ഥനായിരുന്ന നൗഷാദ് ഖാനും മകൻ റിസ്വാനും ഏവരുടെയും മനസ് കീഴടക്കി. സംസ്ഥാന സ്കൂൾ കലോത്സവ നഗരി ഇങ്ങനെയാണ്. മത്സരങ്ങളേക്കാൾ വലിയ പോരാട്ടങ്ങളുടെ കഥ കൂടി പറയാനുണ്ടാകും.
ഒരു സൈനികനെ പോലെ വിധിയോട് പോരാടുകയാണ് പാലക്കാട് പുതുപ്പരിയാരം സ്വദേശി നൗഷാദ് ഖാൻ. വ്യോമസേനയിൽ ഉദ്യോഗസ്ഥനായിരിക്കെയാണ് കൈകാലുകളുടെ ചലന ശേഷിയെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം എന്ന രോഗം ബാധിച്ചത്. തളർന്നു വീഴാനല്ല. പൊരുതി ജയിക്കാനാണ് നൗഷാദ് ഖാൻ പിന്നീടങ്ങോട്ട് ജീവിതം തുടർന്നത്. ജോലി രാജി വെച്ചെങ്കിലും. കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് ഒപ്പമുണ്ട് നൗഷാദ്.
പിതാവിന് മുന്നിൽ കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവൽ മകൻ കഥാപ്രസംഗമായി അവതരിപ്പിച്ചപ്പോൾ കലാ മാമാങ്ക വേദിയിൽ അംഗീകാരത്തിന്റെ കയ്യടികൾ ഉയർന്നു. മകൻ റിസ്വാന്റെ ഹീറോയാണ് നൗഷാദ് ഖാൻ. അതുകൊണ്ടു തന്നെ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കഥാപ്രസംഗം അവതരിപ്പിക്കാൻ മകനെത്തിയപ്പോൾ. കരുത്ത് പകർന്ന് നൗഷാദ് ഖാനും ഒപ്പം എത്തി. സദസിന് മുന്നിലല്ല. തന്റെ ഹീറോയ്ക്ക് മുന്നിലാണ് മകൻ കഥ പറഞ്ഞത്. ഹൃദയം കൊണ്ട് കഥ പറഞ്ഞ റിസ്വാന് എ ഗ്രേഡ് ലഭിച്ചു. പിതാവിന്റെ പിന്തുണ പിന്തുണ കരുത്ത് നൽകിയെന്ന് മകൻ പറയുന്നു.
1992 ലാണ് നൗഷാദിന്റെ ജീവിതത്തിൽ ഗില്ലൻ ബാരി സിൻഡ്രോം വില്ലനായെത്തുന്നത്. കാലുകൾ തളർന്നു, കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു , വിദഗ്ധ ചികിത്സ നടത്തിയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്നാണ് ജോലി രാജി വെച്ചത്. മകൻ്റെ കലാ ജീവിതത്തിന് കരുത്ത് പകരുന്നതോടൊപ്പം തന്നെ സ്കൂളിലെ കലാപരമായ എല്ലാ കാര്യങ്ങളിലും സജീവമായി നൗഷാദ് പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് മാർഗ നിർദേശം നൽകി അവർക്ക് ആത്മവിശ്വാസം പകർന്ന് എല്ലാത്തിനും ഒപ്പമുണ്ട്. രോഗത്തിൻ്റെ വേദനയിലും പുഞ്ചിരിയോടെ മുന്നേറുന്ന ഈ അച്ഛൻ നിറഞ്ഞ മനസ്സോടെയാണ് കലോത്സവ നഗരിയിൽ നിന്നും മടങ്ങുന്നത്. യുദ്ധം ജയിച്ച സൈനികനെ പോലെ.