സ്വപ്നം യാഥാർഥ്യമായത് മകളിലൂടെ; കലോത്സവ നഗരിയിൽ അഭിമാനത്തോടെ അഞ്ജലിയും അനന്തുവും

തനിക്ക് ഒരു മകൾ ജനിച്ചാൽ. തന്റെ ആഗ്രഹം മകളിലൂടെ സാധ്യമാക്കണം എന്നായിരുന്നു സ്വപ്നം.
അഞ്ജലിയും അനന്തുവും
Source: News Malayalam 24X7
Published on
Updated on

തൃശൂർ: കലോത്സവത്തിൽ പങ്കെടുക്കുകയെന്ന സ്വപ്നം, മകളിലൂടെ യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് കോട്ടയം സ്വദേശി അനന്തു. നാലു തവണ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെത്തിയ അഞ്ജലിക്ക് ഇത് അവസാന കലോത്സവം കൂടിയായിരുന്നു. പവിഴമല്ലി വേദിയിൽ ഹയർസെക്കൻഡറി വിഭാഗം മോഹിനിയാട്ടം കഴിഞ്ഞ് ചിലങ്ക അഴിയ്ക്കുമ്പോൾ അച്ഛന്റെ ആഗ്രഹം സഫലമാക്കിയതിന്റെ അഭിമാനം മകളിലും നിറഞ്ഞു.

അഞ്ജലിയും അനന്തുവും
ചുട്ടികുത്ത് പോലെ തന്നെ ചായം അഴിക്കലും; കലോത്സവ നഗരിയിലെ കഥകളിക്കാഴ്ചകൾ

ഒരു സിനിമയേക്കാൾ മനോഹരമാണ് കോട്ടയം സ്വദേശി അനന്തുവിന്റെ കലോത്സവ പ്രണയ കഥ. നിർമ്മാണ തൊഴിലാളിയായ അനന്തുവിന് പഠനകാലത്ത് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നില്ല. തനിക്ക് ഒരു മകൾ ജനിച്ചാൽ തന്റെ ആഗ്രഹം മകളിലൂടെ സാധ്യമാക്കണം എന്നായിരുന്നു സ്വപ്നം. അച്ഛന്റെ ആഗ്രഹത്തിനൊത്ത് മകൾ വളർന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലു തവണ പങ്കെടുത്തു. പ്ലസ് ടു വിദ്യാർഥിയായ മകൾ അഞ്ജലിയുടെ അവസാന സ്കൂൾ കലോത്സവം കൺനിറയെ കാണുകയാണ് അനന്തുവും കുടുംബവും.

കലോത്സവത്തോട് ഇത്രയേറെ ഇഷ്ടം തോന്നാൻ അനന്തുവിന് ഒരു കാരണമുണ്ട്. രസകരമായ ആ പ്രണയ കഥയുടെ തുടക്കം ഒരു പത്രവാർത്തയായിരുന്നു. പ്രണയം യാഥാർഥ്യമായില്ലെങ്കിലും അനന്തു കലോത്സവ ലഹരിയിൽ അലിഞ്ഞു. എല്ലാ ജില്ലകളിലും കലോത്സവം കാണാനായി സഞ്ചരിച്ചു. മുറിയെടുക്കാൻ കാശില്ലാതെ, രാത്രി റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി പോലും കലോത്സവത്തിൻ്റെ ആദ്യാവസാനക്കാരനായിട്ടുണ്ട്.

കെട്ടിട നിർമാണ തൊഴിലാളിയായ അനന്തുവിന് മകളെ നൃത്തം പഠിപ്പിക്കുന്നതും ലക്ഷങ്ങൾ മുടക്കി വേദിയിലെത്തിക്കുന്നതുമൊക്കെ വലിയ ബാധ്യതയായിരുന്നു. പക്ഷേ നിങ്ങൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അത് നേടിത്തരാൻ ലോകം മുഴുവൻ നിങ്ങൾക്കുവേണ്ടി ഗൂഢാലോചന നടത്തുമെന്ന പൗലോ കൊയ്‌ലോ വചനം പോലെ അതും നടന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളായി അനന്തു ആ സ്വപ്ന സാഫല്യത്തിന്റെ സന്തോഷവുമായാണ് കലോത്സവത്തിനെത്തുന്നത്. ഇത്തവണ മകളുടെ അവസാന സ്ക്കൂൾ കലോത്സവമാണ്. അതുകൊണ്ടു തന്നെ സന്തോഷവും സങ്കടവുമുണ്ട്. അച്ഛന്റെ സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ അഭിമാനമാണ് മകൾക്ക്.

അഞ്ജലിയും അനന്തുവും
മാർഗംകളി വേദിയിലെ സ്ഥിരം സാന്നിധ്യം; തുടർച്ചയായ 26-ാം വർഷവും മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്എസ്എസ് എത്തി

മകൾ തന്റെ മത്സരം പൂർത്തിയാക്കി വേദിയിൽ നിന്നും ഇറങ്ങിയപ്പോൾ. നിറകണ്ണുകളോടെ അനന്തു മകൾക്കരികിലേക്ക് ഓടിയെത്തി. ഒപ്പം അമ്മയും കുടുംബാംഗങ്ങളും. അഞ്ജലി സ്കൂൾ കലോത്സവങ്ങളിൽ നിന്ന് ചിലങ്ക അഴിക്കുകയാണ്. ഇനി കലാലയ സ്വപ്നങ്ങൾ. അച്ഛന്റെ എല്ലാ പെടാപ്പാടും കണ്ട ഈ മകൾക്ക് ജീവിതത്തിൽ നല്ലൊരു ജോലിയെന്നൊരു സ്വപ്നമുണ്ട്. ഒപ്പം അച്ഛൻ അത്രമേൽ ആഗ്രഹിച്ച് തന്നിൽ വളർത്തിയ കലയെ കൈവിടാനും അഞ്ജലി തയ്യാറല്ല. അഞ്ജലി നൃത്തം തുടരട്ടെ. അനന്തു കലോത്സവവേദികളുടെ നിത്യകാമുകനായി ഇവിടെയുണ്ടാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com