KERALA

പട്ടാമ്പിയില്‍ കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; മഞ്ഞപ്പിത്ത ആശങ്കയില്‍ നിവാസികള്‍

റോഡ് നവീകരണത്തിനായി അഴുക്കുചാല്‍ അടഞ്ഞപ്പോഴാണ്, ഇതിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പടെ ഒഴുക്കിവിടുന്നുണ്ടെന്ന വിവരം പുറത്തറിയുന്നത്.

Author : കവിത രേണുക

പാലക്കാട്: പട്ടാമ്പിയില്‍ കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയില്‍. മഞ്ഞപ്പിത്തം ഉള്‍പ്പെടെ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം. അഴുക്കുചാലുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമായെന്നാണ് പരാതി.

റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടാമ്പി നഗരത്തില്‍ പലയിടത്തുമുള്ള അഴുക്കുചാല്‍ അടഞ്ഞപ്പോഴാണ്, ഇതിലൂടെ കക്കൂസ് മാലിന്യം ഉള്‍പ്പടെ ഒഴുക്കിവിടുന്നുണ്ടെന്ന വിവരം പുറത്തറിയുന്നത്. മലിനജലം ഒലിച്ചിറങ്ങി പ്രദേശത്തെ കിണറുകളിലേക്ക് എത്തിയതോടെ വെള്ളം ഉപയോഗശൂന്യമായി. വെള്ളത്തിന്റെ നിറവും മണവും മാറിയതോടെ നടത്തിയ പരിശോധനയിലാണ് അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് കണ്ടെത്തിയത്.

പട്ടാമ്പി പൊലീസ് സ്റ്റേഷന്‍, ട്രാഫിക് പൊലീസ് സ്റ്റേഷന്‍, കോടതി, 18ല്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്ന പൊലീസ് കോര്‍ട്ടേഴ്സ്, പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള സ്രോതസുകളാണ് മലിനമായത്. ഹോട്ടലുകളിലേക്കുള്ള വെള്ളവും മലിനമായിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാസവും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിണര്‍ വറ്റിക്കുകയും നഗരത്തിലെ അഴുക്കു ചാലുകളിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നവരെ കണ്ടെത്താന്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും കിണറില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ആശങ്ക ഉയരുകയാണ്.

SCROLL FOR NEXT