പാലക്കാട് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ആശിർനന്ദയുടേത് എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചെന്ന് പൊലീസ്. ആശിർനന്ദയുടെ സുഹൃത്താണ് കുറിപ്പ് കൈമാറിയതെന്ന് പൊലീസ് അറിയിച്ചു. സുഹൃത്തിൻ്റെ പുസ്തകത്തിൻ്റെ പിറകുവശത്ത് നിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. സ്കൂളിലെ അഞ്ച് അധ്യാപകരുടെ പേരുകൾ കുറിപ്പിലുണ്ടെന്നും ആശിർനന്ദയുടെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ടീച്ചർമാരുടെ പേരാണ് ആശിർനന്ദ കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ എജുക്കേറ്റർമാരായ സ്റ്റെല്ല ബാബു, എ.ടി, തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. തൻ്റെ മരണത്തിന് കാരണക്കാർ ഇവരാണെന്ന് ആശിർനന്ദ കുറിപ്പിൽ പറഞ്ഞിരുന്നെന്ന് വിദ്യാർഥികൾ പറയുന്നു.
ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നാണ് സുഹൃത്ത് പറയുന്നത്. കുറിപ്പ് ആശിർനന്ദയുടേത് തന്നെയാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആശിർനന്ദയുടെ കയ്യക്ഷരമാണോ എന്നടക്കം പരിശോധിച്ചുവരികയാണ്.
ഇന്നലെയാണ് സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാർഥി ആശിർനന്ദയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നടത്തിയ പരീക്ഷകളിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് ആശിർനന്ദയെ നിലവിലുള്ള ക്ലാസിൽ നിന്നും മറ്റൊരു ക്ലാസിലേക്ക് മാറ്റിയിരുന്നു. ഇതിൽ മനംനൊന്താണ് ആശിർനന്ദ ജീവനൊടുക്കിയതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഡൊമിനിക് സ്കൂളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന തരത്തിലാണ് അധ്യാപകരുടെ പെരുമാറ്റമെന്നും, ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നുണ്ട്.
ആത്മഹത്യ വാർത്ത പുറത്ത് വന്നതോടെ സെന്റ് ഡൊമിനിക് സ്കൂളിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രക്ഷകർത്താക്കൾ രംഗത്തെത്തിയിരുന്നു. ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇവർ. ആശിർനന്ദയ്ക്കുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമല്ലെന്നും പ്രിൻസിപ്പളിനെ കാണാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും രക്ഷിതാക്കൾ പറയുന്നു. മുൻ വിദ്യാർഥികളുൾപ്പെടെ സ്കൂളിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് വിദ്യാർഥി സംഘടനകൾ ഉയർത്തുന്ന ആവശ്യം.