KERALA

പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം; വീണ്ടും വേദിയിൽ അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍

കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൈം വീണ്ടും അവതരിപ്പിച്ചത്.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം വീണ്ടും വേദിയിലെത്തിച്ച് വിദ്യാര്‍ഥികള്‍. കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൈം വീണ്ടും അവതരിപ്പിച്ചത്. ആദ്യം അവതരിപ്പിച്ച സമയത്ത് മൈം തടഞ്ഞ അധ്യപകർക്ക് പിന്തുണയുമായി  ബിജെപി രംഗത്തെത്തി. സിന്ദൂർ വിഷയത്തിൽ കേസെടുത്ത പൊലീസ് ഇപ്പോൾ മിണ്ടുന്നില്ലെന്നും ബിജെപി ആരോപിച്ചു.

ഒക്ടോബർ 3 നായിരുന്നു കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കലോത്സവം ആരംഭിച്ചത്. വേദി ഒന്നിൽ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രമേയമാക്കിയ മൈം അധ്യാപകർ ഇടപെട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. പലസ്തീൻ കുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അടക്കം കുട്ടികൾ അവതരിപ്പിച്ചിരുന്നു. മൈം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകർ വേദിയിലെത്തി കർട്ടൻ ഇടാൻ ആവശ്യപ്പെട്ടത്.

പലസ്തീൻ ജനതയോട് എന്നും ഐക്യദാർഢ്യ നിലപാടാണ് സർക്കാരിനുള്ളതെന്നും, പലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് കേരളമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. വിദ്യാർഥികൾക്ക് വീണ്ടും മൈം അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് വി. ശിവൻകുട്ടി അറിയിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ ഇന്ന് വീണ്ടും മൈം വേദിയിലെത്തിച്ചത്.

SCROLL FOR NEXT