KERALA

വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ഹൈക്കോടതിയെ വെല്ലുവിളിക്കുന്നത്; ശിരോവസ്ത്ര വിവാദത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ്

"മതാചാര സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. രമ്യതയിൽ പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി തന്നെ ഊതി കത്തിക്കുന്നു"

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ശിരോവസ്ത്ര വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിമർശനവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ മാനേജ്മെന്റ്. മതാചാര സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. രമ്യതയിൽ പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി തന്നെ ഊതി കത്തിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സ്കൂൾ അഭിഭാഷക അഡ്വ വിമല പറഞ്ഞു. സ്കൂളിന് ചില മാർഗ രേഖകൾ ഉണ്ട്. ആ മാർഗരേഖ അനുസരിക്കാം എന്ന് പറഞ്ഞാണ് അഡ്മിഷൻ എടുത്തത്. വിഷയത്തിൽ നാളെ രാവിലെ സ്കൂൾ മാനേജ്മെന്റ് തീരുമാനം എടുക്കുമെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.

സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ മാനേജ്മെൻ്റിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ടിലെ കണ്ടെത്തൽ. മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടി മാനേജ്മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായി. സ്കൂളിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

പിന്നാലെ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ വി‍ദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണമെന്നാണ് വി‍ദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചത്.

SCROLL FOR NEXT