തിരുവനന്തപുരം: കരമനയാറിന് സമീപം മാലിന്യം തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് പഞ്ചായത്ത്. സ്ഥല ഉടമക്ക് 50,000 രൂപ പിഴ ചുമത്തി. രണ്ട് ദിവസത്തിനുള്ളിൽ മാലിന്യം നീക്കാനും നോട്ടീസ് നൽകി. നിരവധിയാളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന തിരുമല കരമനയാറിന് സമീപം ആശുപത്രി മാലിന്യമടക്കം തള്ളിയെന്ന ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ടുമൂടിയെന്നും കഴിഞ്ഞ ദിവസം പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം തള്ളിയത്. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം മാലിന്യം മണ്ണിട്ട് നികത്തുകയായിരുന്നു.
മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ട്. ഇതോടെ കുടിവെള്ളം അടക്കം പ്രതിസന്ധിയിലായെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.