മരിച്ച രാജൻ Source: News Malayalam 24x7
KERALA

അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒയുടെ ഉടമസ്ഥതയിലുള്ള വാഹനമെന്ന് കണ്ടെത്തൽ

കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനാണ് (59) അപകടത്തില്‍ മരിച്ചത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് ചേണിക്കുഴി സ്വദേശി രാജൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വയോധികനെ ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കിളിമാനൂര്‍ ചേണിക്കുഴി സ്വദേശി രാജനാണ് (59) അപകടത്തില്‍ മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. രാജനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. ആള്‍ട്ടോ 800 കാറാണ് രാജനെ ഇടിച്ചത്. അപകടത്തിന് ശേഷം രാജന്‍ ഏറെ നേരം റോഡില്‍ ചോരവാര്‍ന്ന് കിടന്നിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിന് പിന്നിൽ പാറശ്ശാല എസ്എച്ച്ഒ ആണെന്ന് വ്യക്തമായത്.

അമിത വേഗത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. വാഹനം ഓടിച്ചത് അനില്‍കുമാര്‍ തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷിക്കും. അനില്‍കുമാര്‍ ആണെന്ന് തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. വാഹനമോടിച്ചത് അനില്‍ കുമാര്‍ തന്നെയാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അനില്‍ കുമാറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT