"കൊട്ടിഘോഷിച്ച് ഇങ്ങനെയൊരു പരിപാടി നടത്തിയതെന്തിന്?"; സുരേഷ് ഗോപിക്കെതിരെ സിപിഐഎം

കഴിഞ്ഞദിവസം നടന്ന കലുങ്ക് വികസന ചർച്ച പരിപാടിക്കിടെയാണ് സുരേഷ് ഗോപി വയോധികൻ നൽകിയ നിവേദനം തിരിച്ചു നൽകിയത്
നിവേദനവുമായെത്തിയ വയോധികനെ മടക്കിയയച്ച ദൃശ്യങ്ങൾ
നിവേദനവുമായെത്തിയ വയോധികനെ മടക്കിയയച്ച ദൃശ്യങ്ങൾSource: Facebook
Published on

തൃശൂർ: നിവേദനവുമായി എത്തിയ വയോധികനെ മടക്കി അയച്ച നടപടിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി സിപിഐഎം. കേന്ദ്രമന്ത്രി ജനങ്ങളെ അവഹേളിക്കുകയാണെന്ന് സിപിഐഎം പറഞ്ഞു. എന്തിനാണ് കൊട്ടിഘോഷിച്ചു ഇത്തരം ഒരു പരിപാടി നടത്തിയതെന്നും സിപിഐഎം പ്രസ്താവനയിൽ ചോദിച്ചു.

കഴിഞ്ഞദിവസം നടന്ന കലുങ്ക് വികസന ചർച്ച പരിപാടിക്കിടെയാണ് സുരേഷ് ഗോപി വയോധികൻ നൽകിയ നിവേദനം തിരിച്ചു നൽകിയത്. നിവേദനം നൽകിയ ഒരു സാധു മനുഷ്യനോട് എന്താണ് കാര്യമെന്ന് പോലും ചോദിക്കാതെ മടക്കിയയച്ച നടപടി പ്രതിഷേധാർഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.

നിവേദനവുമായെത്തിയ വയോധികനെ മടക്കിയയച്ച ദൃശ്യങ്ങൾ
ക്രിമിനലുകൾ അഴിഞ്ഞാടിയത് പൊലീസ് സംരക്ഷണയിൽ; എംഎൽഎ ഓഫീസ് ആക്രമിച്ചതിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

എംപിയുടെ പരിധിയിൽ വരുന്ന കാര്യമല്ലെങ്കിൽ പോലും, അത് വാങ്ങി പരിശോധിക്കാനും, ഉത്തരവദിത്തപ്പെട്ടവർക്ക് എംപിയുടെ കവറിങ് ലെറ്ററോട് കൂടി അയച്ചുനൽകാനാകും സുരേഷ് ഗോപിക്ക് സാധിക്കുമായിരുന്നു. അതുപോലും മന്ത്രിക്ക് കഴിയുന്നില്ലെന്നത് പ്രതിഷേധാർഹമാണെന്നും കെ.വി. അബ്ദുൾ ഖാദർ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ബിജെപിയുടെ പ്രവർത്തകർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഇത് എംപിയുടെ പണിയേ അല്ല എന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി ഇയാളെ തിരിച്ചുവിടുന്നത്. ഇതിന് പിന്നാലെ മറ്റൊരാൾ കയ്യിൽ കരുതിയിരുന്ന നിവേദനം പിന്നോട്ട് ചുരുട്ടിവെക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. കവറില്‍ എന്താണെന്നെങ്കിലും തുറന്ന് നോക്കാമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. പ്രായത്തെ മാനിക്കാമായിരുന്നെന്നും ചിലര്‍ പറയുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com