KERALA

തർക്കങ്ങൾക്കും ചർച്ചകൾക്കും വിരാമം; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഭരണസമിതി സ്ഥാനാർഥികളെ തീരുമാനിച്ച് മുന്നണികൾ

കൊല്ലത്ത് ലീഗ് ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല

Author : ന്യൂസ് ഡെസ്ക്

കൊച്ചി: തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഭരണസമിതി സ്ഥാനാർഥികളെ തീരുമാനിച്ച് മുന്നണികൾ. പാലായിൽ പുളിക്കക്കണ്ടം കുടുംബം പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ് ഭരണസമിതി ആദ്യമായി അധികാരത്തിലെത്തും. പെരുമ്പാവൂരും മൂവാറ്റുപുഴയിലും ടേം വ്യവസ്ഥയിൽ യുഡിഎഫ് സമവായത്തിലെത്തി. കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഷൊർണൂരിൽ വിമത സ്ഥാനാർഥിയെ എൽഡിഎഫ് ചെയർപേഴ്‌സൺ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് പിന്തുണ നിരസിച്ചതോടെ ബിജെപി ഭരണം പിടിച്ച തൃപ്പൂണിത്തറ നഗരസഭയിൽ അഡ്വ. പി.എൽ. ബാബു ചെയർമാനാകും.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് പുളിക്കക്കണ്ടം കുടുംബം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. 21 വയസുകാരി ദിയ ബിനു പുളിക്കകണ്ടത്തെ യുഡിഫ് ചെയർപേഴ്സൺ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ നഗരസഭയുടെ ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നഗരസഭാ ഭരണം നഷ്ടമായി. വി.എൻ. വാസവൻ ഉൾപ്പെടെ പുളിക്കക്കണ്ടം കുടുംബവുമായി നേരിട്ട് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കോൺഗ്രസ് വിമത സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച മായ രാഹുലിനെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനാർഥിയായി ഒപ്പം നിർത്തിയതോടെ പതിനാല് പേരുമായി യുഡിഎഫ് കേവല ഭൂരിപക്ഷത്തിലെത്തുകയായിരുന്നു. പ്രായം വെറും നമ്പറാണെന്നും പരമാവധി വികസനമാണ് ലക്ഷ്യമെന്നും നിയുക്ത ചെയർപേഴ്‌സൺ ദിയ പറഞ്ഞു.

തർക്കങ്ങൾക്കൊടുവിൽ തൃശൂരിലെയും മേയറെയും പ്രഖ്യാപിച്ചു. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റാണ് പ്രഖ്യാപനം നടത്തിയത്. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജസ്റ്റിനെ മേയറായും ഡെപ്യൂട്ടി മേയറായി കെ.പി.സി.സി സെക്രട്ടറി എ പ്രസാദിനെയുമാണ് തെരഞ്ഞെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവായിരുന്ന എ. പ്രസാദ് സിവിൽ സ്റ്റേഷൻ ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. കിഴക്കുംപ്പാട്ടുകര ഡിവിഷനിൽ നിന്നും വിജയിച്ച പ്രമുഖ ഗൈനോകോളജിസ്റ്റു കൂടിയായ ഡോ.നിജി ജസ്റ്റിൻ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.

കൊല്ലത്ത് ലീഗ് ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല, കോൺഗ്രസിന്റെ ഉദയ സുകുമാരൻ ഡെപ്യൂട്ടി മേയറാകും. ഓരോ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ രണ്ട് ഘടക കക്ഷികൾക്കും നൽകി അതൃപ്തി പരിഹരിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം.

അതേസമയം പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ സ്ഥാനം ടേം വ്യവസ്ഥയിലാണ് യുഡിഎഫ് പരിഹാരം കണ്ടത്. ആദ്യ രണ്ടര വർഷം കെ.എ.സ് സംഗീത ചെയർപേഴ്സൺ ആകും അവസാന രണ്ടര വർഷം ആനി മാർട്ടിൻ ആയിരിക്കും ചെയർപേഴ്സൺ. മൂവാറ്റുപുഴ നഗരസഭയിലും യുഡിഎഫ് ടേം വ്യവസ്ഥയിലെത്തി ആദ്യത്തെ രണ്ടുവർഷം ജോയ്സ് മേരി ആൻറണിയും, പിന്നീടുള്ള ഒരു വർഷം പി. രജിതയും, അവസാന രണ്ടുവർഷം അസം ബീഗവും ആണ് ചെയർ പേഴ്സൻ സ്ഥാനം വഹിക്കുക. ഇന്ന് ചേർന്ന ഹൈപവർ കമ്മിറ്റി കൗൺസിലർമാരുമായി ചർച്ചചെയ്താണ് തീരുമാനം.

തർക്കങ്ങൾക്കൊടുവിൽ നെയ്യാറ്റിൻകര നഗരസഭയിൽ എൽഡിഎഫ് സമവായത്തിലെത്തി. ഡബ്ള്യു. ആർ ഹീബയെ ചെയർപേഴ്‌സൺ സ്ഥാനാർഥിയായി സിപിഐഎം പ്രഖ്യാപിച്ചു. വൈസ് ചെയർമാനായി കെ.കെ. ഷിബു ചുമതലയേൽക്കും. 2015 ൽ ഇരുവരും ഇതേ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഷൊർണൂർ നഗരസഭയിൽ സിപിഐഎം വിമതയായി മത്സരിച്ച് വിജയിച്ച പി. നിർമലയെ ഒപ്പം നിർത്തി ഭരണം പിടിക്കാനാണ് എൽഡിഎഫ് തീരുമാനം. കേവല ഭൂരിപക്ഷമില്ലാത്ത വന്നതോടെയാണ് എൽഡിഎഫ് നീക്കം.

അതേസമയം ഭരണം ലഭിച്ച പാലക്കാട് കൃഷ്ണകുമാർ പക്ഷത്തെ വെട്ടിയാണ് പി. സ്മിതേഷിനെ ചെയർമാൻ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭ ഭരിക്കാൻ ഒരുങ്ങുന്ന ബിജെപി അഡ്വ. പി.എൽ.ബാബു ചെയർപേഴ്സണായും. രാധിക വർമയെ വൈസ് ചെയർപേഴ്‌സണായും തീരുമാനിച്ചു.സിപിഐഎമ്മുമായി സഹകരിക്കില്ലെന്ന് കോൺഗ്രസ് നിലപാട് എടുത്തതോടെ ആണ് നഗരസഭയിൽ ബിജെപി ഭരണത്തിന് വഴിയൊരുങ്ങിയത്.

SCROLL FOR NEXT