ഡിവൈഎസ്‌പി മധുബാബുവിന് എതിരെ അഭിഭാഷകന്‍ പ്രശാന്ത് വി. കുറുപ്പ് Source: News Malayalam 24x7
KERALA

"കൈ ചുരുട്ടിപ്പിടിച്ച് ഇരു ചെവികളിലും അടിക്കുന്നതാണ് മധുബാബുവിന്റെ രീതി"; ഡിവൈഎസ്‍പിയില്‍ നിന്ന് നേരിട്ടത് ക്രൂര മർദനമെന്ന് അഭിഭാഷകന്‍

നിരവധി കള്ളക്കേസുകളിൽ മധുബാബു തന്നെ കുടുക്കിയെന്ന് പ്രശാന്ത് വി കുറുപ്പ്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഡിവൈഎസ്‍പി മധു ബാബുവിനെതിരെ ആരോപണവുമായി അഭിഭാഷകൻ. ക്രൂരമായ മർദനമാണ് മധുബാബുവിൽ നിന്ന് നേരിട്ടതെന്ന് അഭിഭാഷകൻ പ്രശാന്ത് വി. കുറുപ്പ്.

നിരവധി കള്ളക്കേസുകളിൽ മധുബാബു തന്നെ കുടുക്കിയെന്ന് പ്രശാന്ത് വി. കുറുപ്പ് ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. കൈ ചുരുട്ടിപ്പിടിച്ച് ഇരു ചെവികളിലും മർദിക്കുന്നതാണ് മധുബാബുവിന്റെ രീതി. മർദനം കണ്ട് അന്ന് സ്റ്റേഷനിൽ ജിഡി ചാർജിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ജിഡി ചാർജ് ഒഴിയും എന്നു പറഞ്ഞു. അയാൾ എസ്പിക്ക് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ് വെള്ള പേപ്പറിൽ എഴുതി നൽകിയെന്നും അപ്പോഴാണ് മർദനം അവസാനിപ്പിച്ചതെന്നും പ്രശാന്ത് വെളിപ്പെടുത്തി.

മർദനമേറ്റതിനു ശേഷം കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെട്ടുവെന്നാണ് അഭിഭാഷകന്‍ പറയുന്നത്. എൽഡിഎഫ് വന്നാലും യുഡിഎഫ് വന്നാലും മധുബാബു സംരക്ഷിക്കപ്പെടുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

അതേസമയം, കസ്റ്റഡി മർദനത്തില്‍ പുതിയ ആരോപണവുമായി എസ്എഫ്‌ഐ മുൻ ജില്ലാ പ്രസിഡൻ്റ് ജയകൃഷ്ണൻ തണ്ണിത്തോടും രംഗത്തെത്തി. ഡിവൈ‌എസ്‌പി എം. ആർ. മധുബാബുവിനെ സംരക്ഷിച്ചത് മുൻ ഡിജിപി ടി.പി. സെൻകുമാർ ആണെന്ന് ജയകൃഷ്ണന്‍ ന്യൂസ്‌ മലയാളത്തോട് പറഞ്ഞു.

മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട്‌ ഡിജിപി ആയിരുന്ന സെൻകുമാറിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയകൃഷ്ണന്‍ പറയുന്നു. സെൻകുമാർ പൊലീസ് സേനയിലെ ക്രിമിനലുകളെ സംരക്ഷിച്ച ഡിജിപിയെന്നാണ് ജയകൃഷ്ണന്റെ ആരോപണം.

എന്നാല്‍, തനിക്കെതിരായ വാർത്തകൾ ആസൂത്രിതമാണെന്നും, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് പിന്നിൽ ഒരു ഏമാനാണെന്നും എം. ആർ. മധുബാബു ഫേസ്ബുക്കിൽ കുറിച്ചു. റിട്ടയർമെൻ്റിനുശേഷം ഏമാന് ഇവൻ്റ് മാനേജ്മെൻ്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും, അണിയറയിൽ കൂടുതൽ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു പരിഹസിച്ചു.

SCROLL FOR NEXT